ദിലീഷ് പോത്തന് – ശ്യാം പുഷ്ക്കരന്‍ – ഫഹദ് ടീമിന്റെ പുതിയ സിനിമ ജോജിയ്ക്ക് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. ഇപ്പോള്‍ ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഗജരാജ് റാവു.
ഇങ്ങനെ തുടര്‍ച്ചയായി മികച്ച ആശയങ്ങള്‍ ആത്മാര്‍ഥതയോടെ ആവിഷ്കരിക്കുന്നത് ശരിയായ കാര്യമല്ലെന്നും ഹിന്ദിയുള്‍പ്പെടെയുള്ള മറ്റു ഭാഷകളില്‍ നിന്ന് മോശം സിനിമകള്‍ നിര്മിക്കുന്നതെങ്ങനെയെന്നു കൂടി നിങ്ങള്‍ പഠിക്കണമെന്നുമായിരുന്നു ഗജരാജ് റാവുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
ഇതോടൊപ്പം ജോജിയുടെ ടീസറും ഗജരാജ് റാവു പങ്കുവെച്ചിരുന്നു. മാര്‍ക്കറ്റിങ് കാമ്പയിനുകളോ പ്രമോഷനുകളോ, ബോക്സോഫീസ് ഭ്രമമോ നിങ്ങള്‍ക്കില്ലാത്തത് എന്താണെന്നും എന്തുകൊണ്ടാണ് ഗുണമില്ലാത്ത റീമേക്ക് സിനിമകള്‍ ചെയ്യാത്തത് എന്നും ചോദിച്ചിട്ടുണ്ട്.
പുതുമയുള്ള കഥ എഴുതി അത് നല്ല ചിത്രമാക്കി മാറ്റുന്ന ദിലീഷ് പോത്തനും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സും ഇനിയും ഇത് തുടരരുതെന്നാണ് റാവു തമാശയായി പറഞ്ഞിരിക്കുന്നത്.
ഇത്തരം നല്ല സിനിമകള്‍ തുടര്‍ന്നും ചെയ്യാന്‍ സാധിക്കട്ടെയെന്നും, കോവിഡ് ഒഴിഞ്ഞുള്ള കാലത്ത് നിങ്ങളുടെ സിനിമയുടെ ഫസ്റ്റ് ഡേ ഷോക്കായി താന്‍ ഒരുങ്ങിയിരിക്കുകയാണെന്നും ഗജരാജ് റാവു പറഞ്ഞു.
ഈ മാസം ആദ്യമായിരുന്നു ഫഹദിന്റെ ജോജി ആമസോണില്‍ എത്തിയത്. സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഏറുന്നതിനിടയിലാണ് ബോളിവുഡ് നടനും സിനിമയെ അഭിനന്ദിച്ച് രംഗത്ത് വന്നത്.