ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. അപ്രതീക്ഷിതം ആയെത്തിയ മരണത്തില്‍ വിറങ്ങലിച്ചു നില്ക്കുമ്പോള് ദുബായില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ മരണത്തിലെ ദുരൂഹതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. ഹൃദയാഘാതമല്ല ബാത്ത് റൂമില്‍ തെന്നി വീണതാണ് ശ്രീദേവിയുടെ മരണത്തിന് കാരണമെന്ന് ഖലീജ് ടൈംസാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആശുപത്രി അധികൃതരെ ഉദ്ധരിച്ചാണ് ഖലീജ് ടൈംസിന്റെ റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ടില്‍ പറയുന്നതില്‍ പ്രധാന വസ്തുതകള്‍ ഇങ്ങനെ- ശ്രീദേവിയും കുടുംബവും താമസിച്ചിരുന്ന ദുബായ് എമിറേറ്റ്സ് ടവര്‍ ഹോട്ടലിലെ താമസ മുറിയില്‍ ശുചിമുറിയില്‍ ശനിയാഴ്ച രാത്രി 11.30യ്ക്കാണ് ശ്രീദേവി വീണത്.. ഇവരെ റഷീദിയ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചെന്നാണ് ഖലീജ് ടൈംസ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പ്രതികരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. അതേസമയം ദുബായ് പൊലീസ് മരണത്തില്‍ അന്വേഷണം ആരംഭിച്ചു. ശ്രീദേവിയെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ഇതിനാല്‍ തന്നെ ഫോറന്‍സിക് വിഭാഗത്തിലേക്കാണ് മൃതദേഹം കൊണ്ടുപോയത്.
അതിനിടെ ദുബായിലെ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ അവസാനിച്ചതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ പറഞ്ഞു. മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനാണ് ബന്ധുക്കള്‍ കാത്തിരിക്കുന്നത്. ഇതിന് പുറമേ മൃതദേഹവുമായി ബന്ധപ്പെട്ട് മറ്റ് ചില രേഖകളും ലഭിക്കാനുണ്ട്. ഇത് കഴിഞ്ഞാല്‍ ഒരു സ്വകാര്യ വിമാനത്തില്‍ മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കുക. ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഒരു ജീവനക്കാരനെ ശ്രീദേവിയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാന്‍ വേണ്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹം കുടുംബത്തോടൊപ്പമാണ് ഇപ്പോഴുളളത്.