ഏത് ഇന്ത്യൻ ഭാഷയിൽ അവസരം ലഭിച്ചാലും ബോളിവുഡിൽ അഭിനയിക്കാനുള്ള അവസരം ഒരു ഭാഗ്യം തന്നൊണ്. ആ ഭാഗ്യം ഭാഗ്യം ലഭിച്ചവർ ചുരുക്കവുമാണ്.
അങ്ങനെയുള്ള മലയാളി നായികമാരാണ് വിദ്യ ബാലൻ, അസിൻ, പാർവതി തിരുവോത്ത്, മാളവിക, നിത്യ മേനോൻ, പേളി മാണി, അമലാപോൾ തുടങ്ങിയവർ. വിദ്യ ബാലൻ മലയാളത്തിൽ തുടക്കം കുറിച്ചിട്ടും ഭാഗ്യം തുണച്ചത് ബോളിവുഡിലാണ്.
അസിൻ: കേരളത്തിൽ ജനിച്ചു വളർന്ന് ബോളിവുഡ് നടിയായി മാറിയ നായികയാണ് അസിൻ. മലയാളത്തിൽ നിന്നും തെലുങ്കിലേക്കും അവിടെ നിന്ന് തമിഴിലേക്കും പിന്നീട് ബോളിവുഡിലും എത്തി തിളങ്ങി.
തമിഴിലെ തിരക്കേറിയ നായികയായി നിൽക്കുന്പോഴാണ് ഗജിനിയുടെ ഹിന്ദി റീമേയ്ക്കിൽ ആമിർ ഖാന്റെ നായികയായി ബോളിവുഡിലേക്ക് അസിൻ ചേക്കേറുന്നത്. പിന്നീട് സൽമാൻ ഖാൻ, അക്ഷയ് കുമാർ, അഭിഷേക് ബച്ചൻ, അജയ് ദേവ്ഗണ് തുടങ്ങി മുൻനിര താരങ്ങൾക്കൊപ്പം നായികയായി അഭിനയിച്ചു.
നിത്യ മേനോൻ: 1998-ൽ പുറത്തിറങ്ങിയ ദി മങ്കി ഹു ന്യൂ ന്യൂ മച്ച് (ഹനുമാൻ) എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്ന നിത്യാ മേനോൻ കന്നഡ ചലച്ചിത്രമായ സെവൻ ഓ ക്ലോക്കിൽ അഭിനയിച്ചുകൊണ്ട് അഭിനയ ജീവിതം ആരംഭിച്ചു.
സംവിധായകൻ കെ. പി. കുമാരൻ സംവിധാനം ചെയ്ത 2008 ലെ ഓഫ് ബീറ്റ് ചിത്രം ആകാശ ഗോപുരത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ അഭിനയിച്ച നിത്യ 2019 ഓഗസ്റ്റിൽ മിഷൻ മംഗൾ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.
വിദ്യ ബാലൻ: 1995-ൽ ഹം പാഞ്ച് എന്ന ടെലിവിഷൻ പരന്പരയിലൂടെയാണ് വിദ്യയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. വിദ്യ സിനിമയിൽ ആദ്യമായി അഭിനയിച്ചത് 2003ൽ പുറത്തിറങ്ങിയ ഭലോ ദേക്കോ എന്ന ബംഗാളി സിനിമയിലാണ്. ‘പരിനീത’ എന്ന സിനിമയാണ് വിദ്യ ബാലന്റെ ആദ്യത്തെ ഹിന്ദി പ്രോജക്ട്. പിന്നീടു നിരവധി സിനിമകളിൽ നായികയായി.
പാർവതി: 2006 ൽ പുറത്തിറങ്ങിയ ‘ഒൗട്ട് ഓഫ് സിലബസ്’ എന്ന മലയാള ചിത്രത്തിൽ സഹതാരമായി പാർവ്വതി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. മലയാളം, തമിഴ് എന്നീ തെന്നിന്ത്യൻ ഭാഷകളും കടന്ന് ബോളിവുഡിൽ എത്തി നിൽക്കുകയാണ് ഈ അഭിനേത്രി.
തനുജ ചന്ദ്ര സംവിധാനം ചെയ്ത ചിത്രം വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്ന രണ്ടു വ്യക്തികൾ തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് “ഖരീബ് ഖരീബ് സിംഗിളി’ൽ പറഞ്ഞത്. മുപ്പതുകളുടെ മധ്യത്തിലുള്ള വിധവയായ ജയ ശശിധരൻ എന്ന കഥാപാത്രമായി പാർവതി എത്തിയപ്പോൾ യോഗി എന്ന കവിയുടെ കഥാപാത്രമായാണ് ഇർഫാൻ വേഷമിട്ടത്.
പേളി മാണി: പ്രശസ്ത ടെലിവിഷൻ അവതാരകയും നടിയുമായ പേളി മാണിയും ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിഷേക് ബച്ചനാണ് നായകനായി എത്തുന്നത്.
ലുഡോ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരുന്നു. അഭിഷേക് ബച്ചനൊപ്പം രാജ്കുമാർ റാവു, ആദിത്യ റോയ് കപൂർ, പങ്കജ് ത്രിപാഠി തുടങ്ങി വന്പൻ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
മാളവിക: ദുൽഖർ സൽമാൻ നായകനായ ‘പട്ടം പോലെ’ എന്ന സിനിമയിലൂടെയാണ് പ്രശസ്ത ഛായാഗ്രാഹകനായ കെ.യു. മോഹനന്റെ മകളായ മാളവിക അഭിനയ രംഗത്ത് എത്തിയത്. നിർണായകം, ദ ഗ്രേറ്റ് ഫാദർ, രജനികാന്ത് ചിത്രം പേട്ട എന്നിവയാണ് മാളവിക അഭിനയിച്ച പ്രധാന സിനിമകൾ.
ദുൽഖറിന്റെ നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണിപ്പോൾ. ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ ബിയോണ്ട് ദ ക്ലൗഡ്സിലൂടെയാണ് മാളവിക ബോളിവുഡിൽ ശ്രദ്ധിക്കപ്പെടുന്നത്.
അമല പോൾ: മലയാളം, തെലുങ്ക്, കന്നട, തമിഴ് തുടങ്ങിയ നിരവധി ഭാഷകളിൽ ധാരാളം സിനിമകളിൽ അഭിനയിച്ച താരമാണ് മലയാളിയായ അമലാപോൾ. നടി ഇപ്പോൾ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. നരേഷ് മൽഹോത്ര സംവിധാനം ചെയുന്ന ചിത്രത്തിലാണ് അമലാപോൾ അഭിനയിക്കുക. അർജുൻ രാംപാലിന്റെ നായികയാണ് അമല എത്തുന്നത്. മഹേഷ് ഭട്ട്, ഗ്ലാമർ താരമായിരുന്ന പർവീണ് ബാബിയെക്കുറിച്ച് ഒരുക്കുന്ന വെബ് സീരിസിലും അമലാപോൾ അഭിനയിക്കുന്നുണ്ട്. -പി.ജി