ലണ്ടന്‍: ആഘോഷങ്ങള്‍ അവസാനിച്ചു.ഇനി ഞാന്‍ അമ്മയുടെ പ്രിയ പുത്രന് മാത്രം. തന്റെ ഒടുവിലത്തെ കായിക സ്വപ്നം തകിടം മറിഞ്ഞ ഫൈനലിനു ശേഷം ഉസൈന്‍ ബോള്‍ട്ടിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
ലണ്ടനില്‍ ഇന്നലെ തന്റെ കരിയറിലെ അവസാന 100 മീറ്ററില്‍ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും താരത്തിന്റെ വാക്കുകളില്‍ നിരാശയില്ല. തോല്‍വികളില്‍ അമിതമായി ദുഃഖിക്കുകയോ വിജയങ്ങളില്‍ നിലവിട്ട് ആഹ്ലാദിക്കുകയോ ചെയ്യരുതെന്ന് പഠിപ്പിച്ച അമ്മ ജെന്നിഫറാണ് ബോള്‍ട്ടിന്റെ കരുത്ത്.
എന്റെ ജീവിതത്തില്‍ എന്നെങ്കിലും കരഞ്ഞിട്ടുണ്ടെങ്കില്‍ അത് അമ്മയുടെ കണ്ണുനിറഞ്ഞു കണ്ടപ്പോള്‍ മാത്രമാണ്. ട്രാക്കിലെ വിജയപരാജയങ്ങള്‍ പരിധി വിട്ട് തന്നെ ബാധിക്കില്ല. അതുകൊണ്ടു തന്നെ സ്വപ്നം തകര്‍ന്നടിഞ്ഞ ആ ശനിയാഴ്ചയെ ഓര്‍ത്ത് ഒരു തുള്ളി കണ്ണീരുപോലും അടരാന്‍ സമ്മതിക്കില്ല. മാത്രമല്ല ജസ്റ്റിന് ഗാട്ലിന്റെ മാസ്മരിക വിജയത്തിന് അഭിനന്ദനമറിയിക്കുക കൂടി ചെയ്യുന്നു. -ബോള്‍ട്ട് പറഞ്ഞു.
വിജയസ്മിതത്തോടെ ട്രാക്ക് വിടാനായില്ല. എങ്കിലും ആരാധകരുടെ പിന്തുണ തനിക്ക് ജയസമാനമായ സന്തോഷം നല്‍കുന്നുമെന്ന് ബോള്‍ട്ട് കൂട്ടിച്ചേര്‍ത്തു.ഈ വര്‍ഷം തനിക്ക് കറുത്ത ദിനങ്ങളാണ് ഏറെയും സമ്മാനിച്ചത്. ആത്മസുഹൃത്ത് ഷര്മയ്ന് മേസന്റെ ആകസ്മിക വേര്‍പാട് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചത്. അത് തന്റെ കായികജീവിതത്തെയും ബാധിച്ചിട്ടുണ്ട്.
ട്രാക്കിലെ എതിരാളികളെക്കാള്‍ ശക്തമായ ജീവിതപ്രശ്നങ്ങളോട് കുട്ടിക്കാലം മുതലേ മല്ലടിച്ച് കെട്ടിപ്പൊക്കിയതാണ് ഇന്നുള്ള പരിവേഷം. കുടുംബത്തിലെ ദരിദ്രാവസ്ഥ സ്കൂള്‍ വിദ്യാഭ്യാസം പോലും ഇല്ലാതാക്കി. പതിനഞ്ചു വയസ് കഴിഞ്ഞപ്പോള്‍ നൈറ്റ് പാര്‍ട്ടികളില്‍ ഡാന്സ്ജോക്കിയായി പ്രത്യക്ഷപ്പെട്ടു തുടങ്ങി.
മാതാപിതാക്കളുടെ പിന്തുണയോടെ ഒരു കായികതാരമായി വളര്‍ന്നു. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ നേട്ടങ്ങളാണധികവും. -താരത്തിന്റെ വാക്കുകളില്‍ കൃതാര്ഥത നിറയുന്നു.
4-100 മീറ്റര്‍ റിലേയ്ക്കു വേണ്ടിയാണ് ബോള്‍ട്ട് ട്രാക്കില്‍ അവസാനമായി കാല് തൊടുന്നത്.