മോണക്കോ: കായിക രംഗത്തെ ഓസ്കര് എന്നറിയപ്പെടുന്ന ലോറസ് പുരസ്കാരം ഇത്തവണ ജമൈക്കന്‍ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ടിന്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ലെബ്റോണ്‍ ജയിംസിനെയും പിന്തള്ളിയാണ് നാലാം തവണ ലോറസ് പുരസ്കാരത്തിനു ബോള്‍ട്ട് അര്‍ഹനാകുന്നത്.
ഇതിഹാസ താരം മൈക്കല്‍ ജോണ്സണ് ബോള്‍ട്ടിനു പുരസ്കാരം സമ്മാനിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച കായിക താരങ്ങൾക്കു നല്കുന്ന ലോറസ് പുരസ്കാരം പുരുഷന്മാരില് ബോള്‍ട്ടും വനിതകളില്‍ അമേരിക്കന്‍ ജിംനാസ്റ്റിക്സ് താരം സിമിയോണി ബൈല്സുമാണ് നേടിയത്. ഇരുവരും റിയോ ഒളിമ്പിക്സില്‍ നടത്തിയ മിന്നും പ്രകടനങ്ങളാണ് പുരസ്കാരത്തിന് അര്‍ഹരാക്കിയത്.
ഇതിനു മുമ്പ് 2009,2010, 2013 വര്‍ഷങ്ങള്‍ ലോറസ് പുര്സകാരം നേടിയിട്ടുള്ള ബോള്‍ട്ട് ടെന്നീസ് ഇതിഹാസങ്ങളായ റോജര്‍ ഫെഡറര്‍ക്കും സെറീന വില്യംസിനും സര്‍ഫിംഗ് താരം കെല്ലി സ്ലേറ്റര്ക്കുമൊപ്പം നാലു വട്ടം ലോറസ് പുരസ്കാരം നേടിയവരുടെ നിരയിലേക്കെത്തി.
വിരമിച്ച ശേഷം നീന്തല്‍ കുളത്തില്‍ വീണ്ടുമെത്തിയ അമേരിക്കയുടെ സ്വര്‍ണ മത്സ്യം മൈക്കല്‍ ഫെല്‍പ്സിന് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ തിരിച്ചുവരവിനുള്ള പുരസ്കാരം ലഭിച്ചപ്പോള്‍ ബ്രേക് ത്രൂ ഓഫ് ദി ഇയര്‍ പുസ്കാരത്തിനു ഫോര്‍മുല വണ്‍ താരം നിക്കോ റോസ്ബര്‍ഗ് അർഹനായി.