ഒളിന്പിക് സ്വർണ ജേതാവും വേഗതയുടെ പര്യായവുമായ ഉസൈൻ ബോൾട്ട് ഓസ്ട്രേലിയൻ ഫുട്ബോൾ ക്ലബ്ബിൽ ചേരാനൊരുങ്ങുന്നു. എ ലീഗിലെ സെൻട്രൽ കോസ്റ്റ് മറീനേഴ്സുമായി ജമൈക്കൻ സ്പ്രിന്റർ ട്രയലിനുള്ള കരാർ ആയതായാണ് സൂചന. ഇക്കാര്യം ക്ലബ്ബ് അധികൃതരാണ് അറിയിച്ചത്. ആറ് ആഴ്ചത്തേക്കാണ് ബോൾട്ട് ക്ലബ്ബിനൊപ്പം ഉണ്ടാകുക എന്നാണ് റിപ്പോർട്ട്.
മുപ്പത്തിയൊന്നുകാരനായ ബോൾട്ട് അത് ലറ്റിക്സിൽനിന്ന് വിരമിച്ചശേഷം വിവിധ ഇടങ്ങളിൽ ഫുട്ബോൾ പരിശീലനത്തിൽ ഏർപ്പെട്ടത് വാർത്തയായിരുന്നു. ജർമൻ ക്ലബ്ബ് ബൊറൂസിയ ഡോട്ട്മുണ്ടിൽ അടക്കം ബോൾട്ട് പരിശീലനം നടത്തി. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കടുത്ത ആരാധകനാണ് ബോൾട്ട്.