ലണ്ടന്‍: വേഗത്തിന്‍റെ പര്യായമായ ഉസൈന്‍ ബോള്‍ട്ടിന് വിടവാങ്ങൽ മത്സരത്തിൽ കാലിടറി. ലോക ചാമ്പ്യൻഷിപ്പിലെ 100 മീറ്റർ ഫൈനൽ ബോൾട്ട് പരാജയപ്പെട്ടു. അമേരിക്കൻ താരം ജസ്റ്റിൻ ഗാറ്റ്ലിനാണ് ഒന്നാമതെത്തിയത്. മത്സരത്തിൽ അപ്രതീക്ഷിത പരാജയെ ഏറ്റുവാങ്ങിയ ബോൾട്ട് മൂന്നാമനായാണ് ഫിനിഷ് ചെയ്തത്. അമേരിക്കയുടെ തന്നെ ക്രിസ്റ്റ്യന്‍ കോള്‍മാനാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.
ഗാറ്റ്ലിൻ 9.92 സെക്കന്‍റിൽ ഫിനിഷ് ചെയ്തപ്പോൾ കോൾമാൻ 9.95 സെക്കന്‍റിലും ബോൾട്ട് 9.96 സെക്കന്‍റിലുമാണ് ഫിനിഷ് ചെയ്തത്. നേരത്തെ, റിക്കാര്‍ഡ് സ്ഥാപിച്ചു കൊണ്ട് വിരമിക്കും എന്നായിരുന്നു ബോൾട്ട് ആരാധകരോട് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ, മത്സരത്തിനു മുൻപ തന്നെ ബോള്‍ട്ടിന്റെ ഫോമിനെക്കുറിച്ചാണ് ആരാധകർ ഉത്കണ്ഠയറിയിച്ചിരുന്നു. കഴിഞ്ഞമാസം മോണക്കോയില് നടന്ന ഡയമണ്ട് ലീഗില്‍ 9.95 സെക്കൻഡിലാണ് ബോൾട്ട് 100 മീറ്റര്‍ ഓടിത്തീര്‍ത്തത് എന്നതായിരുന്നു ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നത്. ജമൈക്കന്‍ താരത്തിന്റെ 100 മീറ്ററിലെ ഏറ്റവും കുറഞ്ഞ വേഗത ഇതായിരുന്നു.
എന്നാൽ, 9.58 സെക്കൻഡില്‍ ഫിനിഷിംഗ് ലൈന്‍ കടന്നിട്ടുള്ള താന്‍ ഫോമിലല്ലാത്തതുകൊണ്ടല്ല ഇങ്ങനെ സംഭവിച്ചതെന്നു താരം പറഞ്ഞിരുന്നു. പക്ഷേ, സംഭവിച്ചത് മറിച്ചാണെന്നു മാത്രം. പരാജയം പോലും അപ്രതീക്ഷിതമാണെന്നിരിക്കെ ഈ മൂന്നാം സ്ഥാനം ആരാധകരുടെ നിരാശയുടെ കനംകൂട്ടും. ഫോമിനെയും ഫിറ്റ്നെസിനെയും കുറിച്ച് കഴിഞ്ഞ നാലു ലോകചാമ്പ്യന്‍ഷിപ്പുകളിലും ഉയര്‍ന്നിട്ടുള്ള സംശയങ്ങള്‍ക്ക് സ്വര്‍ണമെഡലുകള്‍ കൊണ്ട് ഉത്തരം നല്കിയ ബോൾട്ടിന്‍റെ രാജകീയ മടക്കമായിരുന്നു ആരാധകർ പ്രതീക്ഷിച്ചതെന്നുറപ്പ്.
100 മീറ്ററും 4-100 മീറ്റര്‍ റിലേയുമാണ് വേഗത്തിന്‍റെ തമ്പുരാൻ തന്റെ കായികജീവിതത്തിലെ അവസാന ഇനങ്ങളായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇനി ബാക്കിയുള്ളത് റിലേ മാത്രം. ഈ മാസം 13ന് റിലേ മത്സരത്തിനായി ബൂട്ടണിയുമ്പോൾ വിജയത്തിൽ കുറഞ്ഞൊന്നും, വേഗത്തെ തന്നിലേക്ക് ചുരുക്കിയ ബോൾട്ട് പ്രതീക്ഷിക്കുന്നുണ്ടാവില്ല.