മാഹി: പള്ളൂരില്‍ സിപിഎം-ബിജെപി സംഘര്‍ഷം തുടരുന്നു. ഇന്നു പുലര്‍ച്ചെ മൂന്നോടെ സിപിഎം പള്ളൂര്‍ ലോക്കല്‍ സെക്രട്ടറി കോയ്യോടുതെരുവിലെ വടക്കന്‍ ജനാര്‍ദ്ദനന്റെ വീടിനുനേരേ ബോംബേറ് നടന്നു. വീടിന്റെ ഓടുകളും വരാന്തയിലെ ചുമരുകളും തകര്‍ന്നിട്ടുണ്ട്. ബിജെപി പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. ജനാര്ദ്ദനന് മുന്‍ മാഹി നഗരസഭാ കൗണ്‍സിലറാണ്. ചാലക്കര മുക്കുവന്റപറമ്പ് സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ.പി. രാജന്റെ വീടിനും ഈസ്റ്റ് പള്ളൂര്‍ ഡാഡിമുക്കിലെ സിപിഎം പ്രവര്ത്തകന് കുമാരന്റെ വീടിനുനേരേയും ഇന്നു പുലര്‍ച്ചെ ഒന്നോടെ ബോംബേറ് നടന്നു. ഇരുവീടുകളിലെയും ചുമരുകള്‍ തകര്‍ന്നിട്ടുണ്ട്.
മാഹി സിഐ ഷണ്മുഖം, പള്ളൂര്‍ എസ്ഐ ജയഗുരുനാഥന് എന്നിവര്‍ സംഭവം നടന്ന ഉടന്‍ അക്രമത്തിനിരയായ വീടുകള്‍ സന്ദര്‍ശിച്ചു. പള്ളൂരില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച പി.ടി. ദേവരാജന്റെ വീടിനുനേരേയും ബോംബേറുണ്ടായി. ഇന്നലെ രാത്രി 10.50 ഓടെയാണ് സംഭവം. ബോംബേറില്‍ വീടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. ജനല്‍ചില്ലുകളും തകര്‍ന്നിട്ടുണ്ട്.
വെസ്റ്റ് പള്ളൂരിലെ ബിജെപി പ്രവര്ത്തകന് പറമ്പത്ത് രാമചന്ദ്രന്റെ വീടിനും ചാലക്കര കുഞ്ഞിപ്പറമ്പത്ത് രജിലേഷിന്റേയും വീടിനുനേരേ ബോംബെറിഞ്ഞു. ബോംബേറില്‍ രാമചന്ദ്രന്റെ സഹോദരി രഞ്ജിനി (50) ക്ക് പരിക്കേറ്റു. ബോംബിന്റെ ചീളുകള്‍ തെറിച്ച് ഇവരുടെ കഴുത്തിനാണ് പരിക്കേറ്റത്. ഇവരെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
ആക്രമത്തില്‍ പ്രതിഷേധിച്ച് സിപിഎം പള്ളൂര്ലോക്കല് കമ്മിറ്റി പള്ളൂര്‍ മേഖലയില്‍ ഉച്ചയ്ക്ക് ഒന്നുവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്നു പുലര്‍ച്ചെ അഞ്ചോടെ ചാലക്കര ഗേള്‍സ് ഹൈസ്കൂളിന് സമീപം ബൈക്കുകളും ആയുധങ്ങളുമായി മാഹി പോലീസ് ഏഴംഗസംഘത്തെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.