നാദാപുരം: തുണേരി മുടവന്തേരിയിൽ വീട് നിർമാണത്തിന് തറയെടുക്കുന്നതിനിടെ കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ മാരക വിഷ പദാർഥം ചേർത്ത് നിർമ്മിച്ചവയെന്ന് പോലീസ്. ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ പുതുശ്ശേരി ചന്ദ്രിയുടെ വീട് നിർമാണത്തിന് തറക്ക് മണ്ണ് നീക്കം ചെയ്യുന്നതിനിടെ തൊഴിലാളികൾ ബക്കറ്റിൽ 14 സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.
പിക്കാസ് കൊണ്ട് ബോംബ് നിറച്ച ബക്കറ്റിൽ കൊത്തിയെങ്കിലും പൊട്ടാത്തതിനാൽ വൻ അപകടം ഒഴിവായി. അറക്കപൊടിയിൽ സൂക്ഷിച്ച നിലയിലായരുന്നു കണ്ടെടുത്ത ബോംബുകൾ. കാലപ്പഴക്കം കൊണ്ട് ജീർണിച്ച നിലയിലായിരുന്നു.
മാരക വിഷാംശമായ സൾഫർ മിശ്രിതവും ബോംബിൽ നിന്ന് കണ്ടെത്തി.കൂടാതെ വെടിമരുന്ന്,കുപ്പിച്ചില്ല്,എന്നിവയും ബോംബുകൾക്കകത്ത് നിന്ന് കണ്ടെത്തി.
ബോംബേറിൽ പരിക്കേൽക്കുന്ന ആൾക്ക് മുറിവ് പറ്റിയാൽ ഉണങ്ങാതിരിക്കുന്നതിനാണ് സൾഫർ ഉപയോഗിക്കുന്നത്.അടുത്തടുത്തായി നിരവധി വീടുകൾക്ക് നടുവിലെ മൂന്ന് സെന്റ് ഭൂമിയിലാണ് വീട് നിർമിക്കുന്നത്.നാട്ടുകാർ നിരന്തരം ഇടപഴകുന്ന വീടുകൾക്ക് നടുവിൽ ബോംബുകൾ കണ്ടെത്തിയത് നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്.കുട്ടികളടക്കം ഈ സ്ഥലത്ത് നിന്നാണ് കളിക്കാറുളളത്.
വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് നാദാപുരം എസ്ഐ കെ.പി.അഭിലാഷിന്റെ നേതൃത്വത്തിൽ ബോംബ് സ്ക്വാഡും പോലീസും സ്ഥലത്തെത്തി ബോംബുകൾ ചേലക്കാട് ക്വാറിയിലെത്തിച്ച് നിർവീര്യമാക്കി.ബോംബ് സ്ക്വാഡ് എഎസ്ഐ എം.എം.ഭാസ്കരന്റെ നേതൃത്വത്തിലാണ് ബോംബുകൾ ചേലക്കാട് ക്വാറിയിലെത്തിച്ച് നിർവീര്യമാക്കിയത്.