ടെഹ്റാൻ: അമേരിക്കയുടെ ബോംബുകളുടെ മാതാവിന് ഇറാന്റെ മറുപടി ബോംബുകളുടെ പിതാവ്! പത്ത് ടൺ സ്ഫോടകവസ്തുക്കൾ വഹിക്കുന്ന വിനാശകരമായ ബോംബ് സ്വന്തമാക്കിയെന്ന് ഇറാൻ ഉന്നത സൈനിക ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ഇറാനിയൻ വ്യോമസേനയുടെ (ഐആർജിസി) നിർദേശ പ്രകാരം ഇറാൻ ഡിഫൻസ് ഇൻഡസ്ട്രീസ് ഓർഗനൈസേഷനാണ് ബോംബ് നിർമിച്ചത്. ഇലിയുഷിൻ യുദ്ധവിമാനങ്ങളിൽനിന്ന് ബോംബ് വർഷിക്കാനാകുമെന്നും ഇറാൻ വ്യോമ സേന തലവൻ ജനറൽ അമീർ അലി ഹാജിസൈയ്ദ് പറഞ്ഞു.
അമേരിക്കയുടെ ജിബിയു-43 എന്ന ആണവേതര ബോംബാണ് ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ അഫ്ഗാനിലെ ഐഎസ് മേഖലയിൽ അമേരിക്ക ഇത് പ്രയോഗിച്ചിരുന്നു. ആക്രമണത്തിൽ 36 പേരാണ് കൊല്ലപ്പെട്ടത്. ഈ ബോംബിനേക്കാൾ പ്രഹരശേഷി തങ്ങൾ വികസിപ്പിച്ച ബോംബിന് ഉണ്ടെന്ന് ഇറാൻ അവകാശപ്പെട്ടു.