തളിപ്പറമ്പ്: മൊറാഴ പണ്ണേരിയിൽ യുവമോർച്ച നേതാവിന്റെ വീടിന് ബോംബേറ്. യുവമോർച്ച കണ്ണൂർ ജില്ലാ ട്രഷറർ വി. നന്ദകുമാറിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ഇന്നലെ രാത്രി 11 ഓടെയായിരുന്നു സംഭവം.
വീടിന്റെ മുൻഭാഗത്തെ ഓടുകളും ജനൽ ഗ്ലാസുകളും വരാന്തയിലെ കസേരയും ബോംബേറിൽ തകർന്നു. അക്രമസമയത്ത് നന്ദകുമാർ വീട്ടിലുണ്ടായിരുന്നു. ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവർ പുറത്തിറങ്ങിയെങ്കിലും പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് തളിപ്പറമ്പ് സിഐ എൻ.കെ. സത്യനാഥൻ, എസ്ഐ പി.സി. സഞ്ജയ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സ്ഥലത്ത് പോലീസ് കാവൽ ഏർപ്പെടുത്തി. ബോംബ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
സംഭവത്തിന് മുമ്പ് രാത്രി എട്ടോടെ മൊറാഴയ്ക്ക് സമീപം കണ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ മൊട്ടമ്മലിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ആദർശിന് മർദ്ദനമേറ്റിരുന്നു.
പരിക്കേറ്റ ആദർശ് ചെറുകുന്ന് കോൺവന്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ബോംബേറിന് പിന്നിൽ ഈ സംഭവവുമായി ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.