തലശേരി: പുതുവര്‍ഷത്തിലെ ആദ്യ വെള്ളിയാഴ്ച രാത്രി പൈതൃക നഗരിയിലെ ജനങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാത്രിയായി. ബോംബ് സ്ഫോടനങ്ങളും ആയുധങ്ങളേന്തിയ ക്രിമിനല്‍ സംഘങ്ങളുടെ തേര്‍വാഴ്ചയും നഗരത്തിന്റെ സ്വസ്ഥത നശിപ്പിച്ചു.
ജില്ലാ ജഡ്ജിയുള്‍പ്പെടെ നിരവധി ന്യായാധിപന്മാരുടെ വാസ സ്ഥലവും തലശേരി അതിരൂപതയുടെ ആസ്ഥാനവും സ്ഥിതി ചെയ്യുന്ന ഹോളേ വേ റോഡില്‍ പോലും അക്രമികള്‍ അഴിഞ്ഞാടി. ഹോളേ വേ റോഡിലെ സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി.ശശിയുടെ വീടിനു നേരെ നടന്ന ബോംബാക്രണം ആ പ്രദേശത്തെയാകെ ഞെട്ടിച്ചു.
സ്ഫോടന ശബ്ദം കിലോമീറ്ററുകളോളം കേട്ടതായി ദേശവാസികള്‍ പറഞ്ഞു. വൈകുന്നേരം 5.30 ന് തുടങ്ങിയ അക്രമ പരമ്പരക്ക് അര്‍ദ്ധ രാത്രിയിലാണ് വിരമമായത്. അക്ഷരാര്‍ത്ഥത്തില്‍ ഏഴ് മണിക്കൂര്‍ പൈതൃക നഗരി വിറങ്ങലിച്ചു നിന്നു. എംഎല്‍എയുടെ വീടും എംപിയുടെ വീടും അക്രമിക്കപ്പെട്ടതോടെ എന്തും സംഭവിക്കാവുന്ന സാഹചര്യം ഉടലെടുത്തു.
സിപിഎം ഏരിയാ കമ്മറ്റി അംഗം വാഴയില്‍ ശശിയുടെ വീടും ആര്‍എസ്എസ് നേതാവ് സി.ചന്ദ്രശേഖരന്റെ വീടും അക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് മുന്‍കൈയെടുത്ത് അടിയന്തിര സമാധാന യോഗം ചേരുന്നതിനിടയിലാണ് എഎന്‍ ഷംസീര്‍ എംഎല്‍എ യുടെ വീടിനു നേരെ ബോംബേറുണ്ടായത്.
പോലീസ് കാവലുള്ള ഷംസീറിന്റെ വീടിനു നേരെ ആസൂത്രിതമായിട്ടാണ് അക്രമി സംഘം ബോംബെറിഞ്ഞത്. ഷംസീറിന്റെ മാതാപിതാക്കള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇതിനു പിന്നാലെയാണ് പി.ശശിയുടെ വീടും അക്രമിക്കപ്പെട്ടത്. ഇവിടെ ശശിയുടെ ഭാര്യയുടെ മകനും മാത്രമാണുണ്ടായിരുന്നത്.
രാത്രി പന്ത്രണ്ടോയൊണ് വി.മുരളീധരന്റെ വാടിയില്‍ പീടികയിലെ തറവാട് വീടിനു നേരെ ബോംബേറ് നടന്നത്. ഹര്‍ത്താല്‍ ദിനത്തിലെ അക്രമ പരമ്പരക്ക് ശേഷം ഇന്നലെ സിപിഎം ഏരിയാ കമ്മറ്റി അംഗത്തിന്റെ വീടിനു നേരെ തുടങ്ങിയ അക്രമം ഒടുവില്‍ അവസാനിച്ചത് എംപി യുടെ വീടിനു നേരെയുള്ള ബോംബേറോടെയാണ്.