വടകര: ഫലപ്രഖ്യാപനത്തിനു തുടര്‍ച്ചയായി വടകര മേഖലയില്‍ പരക്കെ അക്രമം. പലയിടത്തും വീടുകള്‍ക്കു നേരെ ബോംബേറുണ്ടായി. വില്യാപ്പള്ളി പഞ്ചായത്തിലെ മയ്യന്നൂര്‍ വൈക്കിലശേരി റോഡില്‍ ലീഗ് പ്രവര്‍ത്തകന്റെ വീടിനു നേരെയുണ്ടായ ബോംബേറില്‍ കാര്യമായ നഷ്ടമുണ്ടായി. വെളുത്ത പറമ്പത്ത് ഫൈസലിന്റെ സിത്താര എന്ന വീടിനു നേരെയാണ് സ്റ്റീല്‍ ബോംബെറിഞ്ഞത്. ഫര്‍ണിച്ചറും ടൈല്‍സും അക്രമത്തില്‍ തകര്‍ന്നു.
ഗള്‍ഫിലായിരുന്ന ഫൈസല്‍ നാട്ടിലെത്തിയ ശേഷം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. ഇതിന്റെ പേരിലാണ് അക്രമമെന്നു പറയുന്നു.ഏറാമല പഞ്ചായത്തിലെ തട്ടോളിക്കരയില്‍ ആര്‍എംപിഐ പഞ്ചായത്ത് ഭരണസമിതി അംഗത്തിന്റെ വീടിന് നേരെ ബോംബേറുണ്ടായി. പതിനേഴാം വാര്‍ഡ് അംഗം തട്ടോളി ഷീജയുടെ വീടിന് നേരെയാണ് ഇന്നലെ രാത്രി ഇരുചക്രവാഹനത്തിലെത്തിയ സംഘം ബോംബെറിഞ്ഞത്.
വീടിനു മുന്നിലാണ് ബോംബ് വീണു പൊട്ടിയത്. ഇതിനു പിന്നാലെ അര്‍ധരാത്രിയോടെ ഡിവൈഎഫ്ഐ കുന്നുമ്മക്കര മേഖലാ വൈസ് പ്രസിഡന്റ് സനൂപിന്റെ വീടിനു നേരെ ബോംബേറുണ്ടായി. ജനലും വാതിലും അക്രമത്തില്‍ തകര്‍ന്നു. അഴിയൂര്‍ പഞ്ചായത്തിലെ ചോമ്പാല സ്റ്റേഡിയത്തിനു സമീപം ആര്‍എംപിഐ പ്രവര്ത്തകന് പ്രകാശന്റെ വീടിനു നേരെ ബോംബെറിഞ്ഞു. വീട്ടില്‍ ആരുമില്ലാത്ത നേരത്താണ് അക്രമം. ഇത് സംബന്ധിച്ച് പ്രകാശന് ചോമ്പാല പോലീസില്‍ നല്കി.
വടകര പോലീസ് സ്റ്റേഷന് പരിധിയിലെ കീഴല്‍ അണിയാരിയില് ബിജെപി പ്രവര്ത്തകന് തൊള്ളംപാറക്കല് സൂലേഷിന് (36) അക്രമത്തില്‍ പരിക്കേറ്റു. ആര്യന്നൂരില്‍ നിന്നു ബൈക്കിലെത്തിയ മൂന്നു പേര് ഇരുമ്പ് വടി കൊണ്ട് കൈക്കും കാലിനും അടിച്ചു പരിക്കേല്പിക്കുകയായിരുന്നു. ഇയാളെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വടകര പുതിയാപ്പില്‍ യുഡിഎഫ് ആഹ്ലാദ പ്രകടനത്തിനു നേരെ അക്രമമുണ്ടായി. പ്രവര്‍ത്തകരെ ഒരു സംഘമാളുകള്‍ കല്ലെറിഞ്ഞും അടിച്ചും പരിക്കേല്പിക്കുകയായിരുന്നു. അക്രമത്തില്‍ യുഡിഎഫ് പ്രവര്‍ത്തകരായ സനീഷ്, നിജേഷ് എന്നിവര്‍ക്കു പരിക്കേറ്റു.
ഇരിങ്ങലില്‍ യുഡിഎഫ് ആഹ്ലാദ പ്രകടനത്തിന് നേരെയുണ്ടായ അക്രമത്തില്‍ ഒമ്പതാം ബൂത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി വൈസ് ചെയര്മാന് എന്‍ .കെ.ദിനേശനു പരിക്കേറ്റു. മൂന്നു പേരേയും വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎമ്മുകാരാണ് അക്രമിച്ചതെന്ന് ഇവര്‍ പരാതിപ്പെട്ടു.
വടകര മുനിസിപ്പാലിറ്റിയിലെ അഴിത്തലയില്‍ നാഷണല്‍ ലീഗ് പ്രവര്‍ത്തകന്റെ വീടിനു നേരെ രണ്ടു പേര് ബോംബെറിഞ്ഞു. വി.വി.ബഷീറിന്റെ വീടിനു നേരെയാണ് അക്രമം. ജനലിനു കേടുപറ്റി. സ്ഫോടനത്തിന്റെ ആഘാതത്തില്‍ രണ്ട് മാസം പ്രായമായ കുഞ്ഞിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. യുഡിഎഫ് പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്നു പറയുന്നു. വടകര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.