ബെയ്റൂട്ട്: തെക്കൻ ബെയ്റൂട്ടിനു സമീപമുള്ള ആശുപത്രിക്കു സമീപം ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ നാലു പേർ കൊല്ലപ്പെട്ടതായി ലെബനൻ അറിയിച്ചു.
ആക്രമണത്തിൽ റഫീഖ് ഹരിരി യൂണിവേഴ്സിറ്റി ആശുപത്രിക്കു കാര്യമായ നാശനഷ്ടമുണ്ടായി. ബെയ്റൂട്ട് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ടും ആക്രമണം നടന്നതായി ലബനൻ പറഞ്ഞു. ആക്രമണത്തിൽ തകർന്ന വിമാനത്താവളത്തിലെ ചില കെട്ടിടങ്ങളുടെ ചിത്രങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പങ്കുവച്ചു.
അതേസമയം, ആശുപത്രിയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടില്ലെന്ന് ഇസ്രയേൽ സൈനിക വക്താവ് അറിയിച്ചു. തെക്കൻ ബെയ്റൂട്ടിൽ പതിമൂന്ന് വ്യോമാക്രമണങ്ങൾ നടത്തിയെന്നും ഹിസ്ബുള്ള ഭീകരരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും ഇസ്രയേൽ അറിയിച്ചു.
തെക്കൻ ബെയ്റൂട്ടിലെ ആശുപത്രിയിൽ ഹിസ്ബുള്ള അര ബില്യൺ ഡോളർ സൂക്ഷിച്ചിട്ടുണ്ടെന്ന ഇസ്രയേൽ സൈന്യത്തിന്റെ അവകാശവാദം ലെബനൻ നിഷേധിച്ചു.