തിരുവനന്തപുരം: കാട്ടാക്കടയിൽ ഉഗ്രസ്ഫോടന ശേഷിയുള്ള നാടൻ ബോംബ് വീട്ടിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പേയാട് അമ്മൻകോവിന് സമീപത്തെ റാക്കോണത്ത് മേലെപുത്തൻ വീട്ടിൽ അയ്യപ്പൻചെട്ടിയാരുടെ വീട്ടിൽ നിന്നും ബോംബുകൾ കണ്ടെത്തിയ സംഭവത്തിൽ മകൻ അരുണ്‍ലാലിനെ(23)യാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സ്ഫോടകശേഷി കൂടുതലുള്ള അഞ്ച് ബോംബുകൾ കണ്ടെത്തിയത്. ബോംബുകൾ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന വിവരം അയ്യപ്പൻചെട്ടിയാർ മലയിൻകീഴ് പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി അറിയിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി അരുൺലാൽ ഒളിവിൽ പോവുകയായിരുന്നു. തിരിയോട് കൂടിയ നാടൻ ഇനത്തിൽപ്പെട്ട ബോംബുകളാണ് പിടിച്ചെടുത്തത്.
സുഹൃത്തിന്റെ വിവാഹാഘോഷത്തിന് വേണ്ടിയാണ് ബോംബുകൾ സൂക്ഷിച്ചിരുന്നതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.