ഗാസ: ലോകം 2024 നെ വരവേറ്റ് പുതുവത്സരാഘോഷത്തിൽ മുഴുകിയപ്പോഴും ഗാസയിൽ ഇസ്രയേൽ ആക്രമണത്തിന് ഇടവേളയുണ്ടായില്ല. വർണപ്പൂത്തിരികൾ ലോകമെങ്ങും ആഹ്ളാദം പടർത്തിയപ്പോൾ ഗാസയുടെ ആകാശത്ത് ബോംബുകൾ അഗ്നിഗോളങ്ങൾ വർഷിക്കുകയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിലുണ്ടായ ആക്രമണത്തിൽ 100ഓളം പേർ ഗാസയിൽ കൊല്ലപ്പെട്ടെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇസ്രയേലിന്റെ ആക്രമണത്തിൽ പലായനം ചെയ്യേണ്ടി വന്നവർ റഫാ അതിർത്തിയിൽ തിങ്ങി നിറഞ്ഞിരിക്കുകയാണ്. മരവിക്കുന്ന തണുപ്പിൽ കമ്പിളിപ്പുതപ്പുകളും കുറച്ച് പാത്രങ്ങളും മാത്രമാണ് പലരുടേയും ആശ്രയം. 2024ലും ഗാസ സംഘർഷം ഗുരുതരമായി തുടരുമെന്നാണ് ഐക്രാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്. ഗാസയോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പാക്കിസ്ഥാനും ഷാർജയും പുതുവർഷാഘോഷങ്ങൾ നടത്തിയില്ല.
പസഫിക് സമുദ്രത്തിലെ കിരീബാസ് ദ്വീപാണ് ലോകത്ത് ആദ്യമായി പുതുവത്സരത്തെ വരവേറ്റത്. ഇന്ത്യൻ സമയം ഇന്നലെ വൈകിട്ട് നാലരയ്ക്കാണ് കിരീബാസിൽ പുതുവർഷമെത്തിയത്. തൊട്ടുപിന്നാലെ ന്യൂസിലൻഡിലെ ഓക്ലൻഡ് നഗരവും പുതുവത്സരത്തെ സ്വാഗതം ചെയ്തു.
തുടർന്ന് ഓസ്ട്രേലിയ, ചൈന, ജപ്പാൻ, ഇന്ത്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും പുതുവർഷമെത്തി. അമേരിക്കൻ ദ്വീപുകളായ ബേക്കർ, ഹൗലാൻഡ് എന്നിവിടങ്ങളിലാണ് ഏറ്റവും അവസാനം പുതുവർഷമാഘോഷിച്ചത്.