തലശേരി(കണ്ണൂർ):എ.എൻ.ഷംസീർ എംഎൽഎയുടെ മാടപ്പീടികയിലെ വീടിനു ബോംബെറിഞ്ഞ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ആർഎസ്എസ് പ്രവർത്തകനായ പുന്നോൽ ശ്രീനിലയത്തിൽ സതീശനെ (24) യാണ് പോലീസ് സ്ഥലം ആസൂത്രിത നീക്കത്തിലൂടെ പിടികൂടിയത്.പ്രതിയെ പോലീസ് സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പോലീസ് കാവലും പരിസരത്ത് കാമറയുമുള്ള എംഎൽഎയുടെ വീടിനു നേരെ കഴിഞ്ഞ മാസം അഞ്ചിന് രാത്രിയാണ് തെളിവുകൾ അവശേഷിപ്പിക്കാതെ ബൈക്കിലെത്തിയ സംഘം ബോംബെറിഞ്ഞത്. ആദ്യം ന്യൂ മാഹി പോലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ പോലീസ് ചീഫിന്റെ നിർദ്ദേശ പ്രകാരം തലശേരി സിഐ എം.പി ആസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഏറ്റെടുക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ എംഎൽഎയുടെ വീടിനു നേരെ ബോംബേറുണ്ടായി സെക്കൻഡുകൾക്കുള്ളിൽ എസ് സെഡ് എന്ന ആഡംബര ബൈക്കിന്റെ കാതടപ്പിക്കുന്ന ശബ്ദം കേട്ടതായി സ്കൂൾ വിദ്യാർഥി നൽകിയ സൂചനയാണ് കേസന്വേഷണത്തിൽ നിർണായകമായത്. തുടർന്ന് ഇത്തരത്തിലുള്ള 25 ബൈക്കുകൾ സമീപ പ്രദേശങ്ങളിലുള്ളതായി കണ്ടെത്തി. ഇതിൽ 11 ബൈക്കുകൾ ഉപയോഗിക്കുന്നത് ആർഎസ്എസ് പ്രവർത്തകരാണെന്ന് വ്യക്തമായി.
ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. ഇതിനു പുറമെ മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ച് രണ്ടായിരത്തിലേറെ ഫോൺ കോളുകൾ പരിശോധിച്ച പോലീസ് പ്രതികളുടെ സാന്നിധ്യം ഉറപ്പിക്കുകയും ചെയ്തു . പോലീസ് തിരിച്ചറിഞ്ഞുവെന്ന് വ്യക്തമായതോടെ പ്രതികൾ കർണാടകയിലേക്കു കടന്നു. ഇന്നലെ നാട്ടിലെത്തിയ മുഖ്യപ്രതിയെ തലായി ഹാർബറിനു സമീപത്തു നിന്നും പോലീസ് ആസൂത്രിതമായി വലയിലാക്കുകയായിരുന്നു.