ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലടക്കം വ്യാജ ബോംബ് ഭീഷണി. രാജീവ് ചൗക്ക് മെട്രോ സ്റ്റേഷൻ, ബംഗ്ല സാഹിബ് ഗുരുദ്വാര എന്നിവിടങ്ങളിലും ബോംബ് വച്ചതായാണ് ഡൽഹി പോലീസിന് വ്യാജ ഫോൺ സന്ദേശം ലഭിച്ചത്. ഡൽഹി പോലീസ് കൺട്രോൾ റൂമിൽ രാവിലെ 8.30 ന് ആണ് ഫോൺ സന്ദേശം എത്തിയത്.
ഇതോടെ ബോംബ് സ്ക്വാഡ് ഉൾപ്പെടെ പ്രധാനമന്ത്രിയുടെ വസതിയിലും മറ്റു രണ്ടിടത്തും പരിശോധന നടത്തി. ഒരു മണിക്കൂറോളം പരിശോധന തുടർന്നു. എന്നാൽ ഒന്നും കണ്ടെത്താനായില്ല. പോലീസ് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വടക്കുപടിഞ്ഞാറൻ ഡൽഹിയിൽനിന്നാണ് വ്യാജ ഭീഷണിയെത്തിയതെന്ന് കണ്ടെത്തി.
പ്രതിയുടെ വീട് കണ്ടെത്തിയെങ്കിലും ഇയാൾ സ്ഥലത്തുനിന്നും രക്ഷപെട്ടിരുന്നു. ഇയാൾ മദ്യത്തിന് അടിമയാണെന്നാണ് വീട്ടുകാർ പോലീസിന് നൽകിയ മൊഴി.