കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഫോൺ വിളിച്ച് ഭീഷണി മുഴക്കിയാൾ അറസ്റ്റിൽ. കണ്ണൂർ സിറ്റി നാലുവയലിലെ എ.റിയാസി (29)നെയാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി എട്ടോടെയാണ് പോലീസ് കൺട്രോൾ റൂമിൽ ഫോൺ ഭീഷണി ലഭിച്ചത്. ഇതേ തുടർന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.
സ്റ്റേഷനിലെത്തിയ വണ്ടികളും പരിശോധന നടത്തി.വിളിച്ച ഫോൺ നന്പർ സംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് റിയാസ് അറസ്റ്റിലാകുന്നത്.
ഫോൺ വിളിക്കുമ്പോൾ റിയാസ് മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. കണ്ണൂർ സിറ്റിയിലെ ബഷീറിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു സിം.
ബഷീറിനെ ചോദ്യം ചെയ്തപ്പോഴാണ് റിയാസാണ് ഫോൺ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയത്. ഫോൺ വിളിച്ചത് സ്വബോധത്തോടെയല്ലെന്ന് പ്രതി പറഞ്ഞതായി പോലീസ് പറഞ്ഞു.