തിരുവനന്തപുരം: കണിയാപുരം കെഎസ്ആർടിസി ഡിപ്പോയിലെ വ്യാജ ബോംബ് ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തിയെന്ന് പോലീസ്.
വിദേശത്ത് നിന്നാണ് കോൾ എത്തിയതെന്നും ഭീഷണി സന്ദേശം മുഴക്കിയ ആളിനെ തിരിച്ചറിഞ്ഞുവെന്നും പോലീസ് വ്യക്തമാക്കി.
ഇന്നലെ രാവിലെയാണ് കണിയാപുരം ഡിപ്പോയിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം തന്പാനൂർ പോലീസ് സ്റ്റേഷനിൽ ലഭിച്ചത്.
ഈ വിവരം ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് കൈമാറിയതിനെ തുടർന്ന് മണിക്കൂറുകളോളം ആറ്റിങ്ങൽ ഡിവൈഎസ്പി. സുനീഷ്ബാബു, മംഗലപുരം സിഐ. സജീഷ്, ബോംബ് സ്ക്വാഡ് ഉൾപ്പെടെ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
തുടർന്ന് ഭീഷണി വ്യാജമായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു.ബോംബ് ഭീഷണിയെ തുടർന്ന് പോലീസ് പരിശോധന ആരംഭിച്ചതോടെ ജനങ്ങൾ പരിഭ്രാന്തിയിലായിരുന്നു.
സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ നെറ്റ് കോളായിരുന്നുവെന്ന് കണ്ടെ ത്തുകയും വിശദമായ അന്വേഷണത്തിൽ ഫോണ് വിളിച്ച ആളിനെ തിരിച്ചറിയുകയുമായിരുന്നു.
ഭീഷണി സന്ദേശം മുഴക്കിയ ആളിനെ നാട്ടിലെത്തിക്കാനുള്ള നടപടികളുമായി പോലീസ് മുന്നോട്ട് പോകുകയാണെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.