ചെന്നൈ: പിണങ്ങിക്കഴിയുന്ന ഭാര്യയെ പേടിപ്പിക്കാൻ ട്രെയനിനെതിരേ വ്യാജ ബോംബ് ഭീഷണി മുഴക്കിയ ചെന്നൈ സ്വദേശി അറസ്റ്റിൽ. ചെന്നൈ വേളാച്ചേരിയില്‍ താമസിക്കുന്ന സതീഷ് ബാബുവാണ് പിടിയിലായത്.
ഈ മാസം 26ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെന്നൈ-എഗ്മൂർ ഗുരുവായൂര്‍ എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു സതീഷ് ബുവിന്റെ ഭാര്യ.
രാത്രി ഏഴരയോടെ സതീഷ് ബാബു റെയില്‍വേ കണ്ട്രോള് റൂമില്‍ വിളിച്ച് ബോംബ് ഭീഷണി മുഴക്കി. തുടർന്ന് താംബരം സ്റ്റേഷനിൽ ട്രയിൻ പരിശോധനയ്ക്കായി പിടിച്ചിട്ടു.
മുഴുവന്‍ യാത്രക്കാരെയും പുറത്തിറക്കി പരിശോധന നടത്തി. ഡോഗ് സ്ക്വാഡ് ഉൾപ്പെടെ പരിശോധനയ്ക്ക് എത്തിയിരുന്നു.
എന്നാൽ, ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു. യാത്രക്കാരെ മറ്റൊരു ട്രെയിനിൽ കയറ്റിവിടുകയും ചെയ്തു. സംഭവത്തിൽ കേസ് എടുത്ത പോലീസ് ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.