തിരുവനന്തപുരം: പെരുമാതുറ മാടൻവിളയിൽ അക്രമി സംഘം വീടുകൾക്കുനേരേ നാടൻ ബോംബേറ് നടത്തി. വീടുകളും വാഹനങ്ങളും അടിച്ച് തകർത്തു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. അക്രമി സംഘത്തിലെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി പത്തരയോടെയാണ് കാറിലെത്തിയ നാലംഗ അക്രമി സംഘം വീടുകൾക്ക് നേരെ നാടൻ ബോംബേറ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. റോഡരികിൽ നിന്നിരുന്ന യുവാക്കളെ ആക്രമിച്ചു. മാടൻവിള സ്വദേശികളായ അർഷിദ്, ഹുസൈൻ എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ ചിറയിൻകീഴ് താലുക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അർഷിദിന്റെ കാലിനും ശരീരത്തിനും ഏറ്റ പരിക്ക് ഗുരുതരമാണ്. അക്രമി സംഘം സമീപത്തെ വീടുകളിലെ ജനൽ ഗ്ലാസുകളും വാഹനങ്ങളും വടിവാൾ കൊണ്ട് വെട്ടിപ്പൊളിച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം അക്രമി സംഘം കടന്ന് കളഞ്ഞിരുന്നു. പ്രതികൾ കാറിലെത്തിയ സിസിടിവി കാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ മൂന്ന് പേരെ ചിറയിൻകീഴ് പോലീസ് കസ്റ്റഡിയിലെടുത്ത് കഠിനംകുളം പോലീസിന് കൈമാറി.
അണ്ടൂർ ആക്കോട്ടുവിളയിലുള്ള കുപ്രസിദ്ധ ഗുണ്ട അജിത്തുണ്ണിയുടെ വീട്ടിൽ നിന്നാണ് മൂന്ന് പേരെ ചിറയിൻകീഴ് പോലീസ് കസ്റ്റഡിയിലെടുത്ത് കഠിനംകുളം പോലീസിന് കൈമാറിയത്. അതേസമയം അജിത്തുണ്ണിയെ നാടൻ ബോംബുകൾ നിർമിച്ച് സൂക്ഷിച്ചതിന് ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു.
കഠിനംകുളം പോലീസിന് കൈമാറിയ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അക്രമം നടന്ന പെരുമാതുറ മാടൻവിള പ്രദേശങ്ങളിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാർ, കഠിനംകുളം എസ്എച്ച്ഒ ചന്ദ്രദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തുകയാണ്.
ഇന്നലെ ഉച്ചയ്ക്ക് പെരുമാതുറയിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോൾ പ്രദേശവാസികളായ യുവാക്കൾ അക്രമിസംഘത്തിലുണ്ടായിരുന്നവരുമായി അടിപിടി നടന്നിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിലുള്ള പ്രതികാരമായാണ് രാത്രിയിൽ മാരകായുധങ്ങളുമായി സംഘടിച്ചെത്തി പ്രത്യാക്രമണം നടത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.