കൊച്ചി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു കേരളത്തിന്റെ വിവിധയിടങ്ങളില്‍ ബോംബ് സ്ഫോടനം നടത്തുമെന്നു കൊച്ചി സിറ്റി പോലീസിനു ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ രണ്ടുപേര്‍ ഹരിയാനയില്‍ പോലീസ് പിടിയില്‍.
ഡല്‍ഹി സ്വദേശി നിധിന് ഏലിയാസ് ഹാലിദ്, ഹരിയാന സ്വദേശി ഹക്കം എന്നിവരെ കൊച്ചിയില്‍നിന്നുള്ള പ്രത്യേക പോലീസ് സംഘം ഇന്നലെയാണു പിടികൂടിയത്.
പ്രതികളുമായി ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്കു തിരിച്ച പോലീസ് സംഘം നാളെ വൈകുന്നേരത്തോടെ കൊച്ചിയിലെത്തും. കഴിഞ്ഞ 25ന് എറണാകുളം നോര്‍ത്ത് എസ്ഐ അനസിനാണു മൊബൈലില്‍ ഭീഷണി സന്ദേശം ലഭിച്ചത്.
തുടര്‍ന്നു കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ നിര്‍ദേശത്തെ തുടര്‍ന്നു നോര്‍ത്ത് പോലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയെ തേടി എസ്ഐ അനസ്, എഎസ്ഐ വിനോദ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഹരിയാനയിലേക്കു യാത്ര തിരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ സംഘം നടത്തിയ നിരീക്ഷണങ്ങള്‍ക്കുശേഷമാണു ഇരുവരും കുടുങ്ങിയത്. ഹക്കമിന്റെ ഫോണില്‍നിന്നും നിധിന് ഏലിയാസ് ഹാലിദാണു സന്ദേശം അയച്ചതെന്നാണു വിവരം.
ഇരുവരെയും കൊച്ചിയിലെത്തിച്ചു ചോദ്യം ചെയ്താല്‍ മാത്രമേ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. ഇത്തരത്തില്‍ സന്ദേശം കൈമാറുന്നതിനുള്ള സാഹചര്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് വിശദമായി അന്വേഷിക്കും.