തളിപ്പറമ്പ്: യുവമോർച്ചാ കണ്ണൂർ ജില്ലാ ട്രഷറർ വി. നന്ദകുമാറിന്റെ മൊറാഴ പണ്ണേരിയിലെ വീടിന് ബോംബെറിഞ്ഞ സംഭവത്തിൽ അഞ്ച് സിപിഎം പ്രവർത്തകർക്കെതിരേ കേസ്.
സിപിഎം പ്രവർത്തകരായ പി.പി. ഷാജർ, സുമൻ ചുണ്ട, സബിൻ, റിഥിൻ, സന്ദീപ് എന്നിവർക്കെതിരേയാണ് നന്ദകുമാറിന്റെ പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
രണ്ടു ബൈക്കുകളിലായെത്തിയ സംഘം ബോംബെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് വീടിന് നേരെ ബോംബേറുണ്ടായത്.
സംഭവത്തിൽ വീടിന്റെ മുൻഭാഗത്തെ ഓടുകളും ജനൽ ഗ്ലാസുകളും വരാന്തയിലെ കസേരയും തകർന്നിരുന്നു. തളിപ്പറമ്പ് എസ്ഐ പി.സി. സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഉഗ്രശബ്ദമുണ്ടാകുന്ന സ്റ്റീൽ ബോംബാണ് എറിഞ്ഞതെന്നാണ് വ്യക്തമായി.