ഏറ്റുമാനൂർ: അതിരന്പുഴയിൽ പോലീസിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞ പ്രതി ബോംബ് നിർമിക്കാൻ പഠിച്ചത് യൂട്യൂബ് നോക്കി. കോടതിയിൽ കീഴടങ്ങിയ പ്രതിയുടെ വീട്ടിലും മറ്റ് സങ്കേതങ്ങളിലും പോലീസ് പരിശോധന നടത്തിയങ്കിലും പ്രത്യകിച്ച് ഒന്നും കണ്ടെത്താനായില്ല. അഞ്ചു മാസത്തോളം ഒളിവിൽ കഴിഞ്ഞ തെള്ളകം ചൂരക്കുളം ക്രിസ്റ്റി ജോസഫ് (23) ആണ് ഇന്നലെ ഏറ്റുമാനൂർ ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്.
ഇതിനുശേഷം പോലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് യൂട്യൂബും മറ്റ് സൈറ്റുകളും നോക്കിയാണ് വളരെ കുറഞ്ഞ ചെലവിൽ ബോംബ് ഉണ്ടാക്കുന്ന വിദ്യ പഠിച്ചെടുത്തതെന്ന് പ്രതി പറഞ്ഞു. ഇയാൾ ഇതിനു മുന്പും ബോംബ് ഉണ്ടാക്കിയിട്ടുള്ളതായി പോലീസ് പറഞ്ഞു. ക്രിസ്റ്റിയുടെ നേതൃത്വത്തിൽ വലിയ കഞ്ചാവ് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
അന്ന് അക്രമത്തിനായി പെട്രോൾ ബോംബ് ഉണ്ടാക്കിയതും സംഘാംഗങ്ങളെ ഒപ്പം കൂട്ടിയതും ആക്രമണം നടത്തിയതും ക്രിസ്റ്റിയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു കോട്ടമുറി റോഡിലൂടെ അമിത വേഗത്തിൽ പാഞ്ഞ യുവാവിനെ നാട്ടുകാർ ചോദ്യം ചെയ്തിരുന്നു. തുടർന്ന് നാട്ടുകാരും യുവാവുമായി വാക്കേറ്റം ഉണ്ടാവുകയും അതിനുശേഷം അവിടെ നിന്നും പോയ യുവാവ് തിരികെ തന്റെ ഗുണ്ടാ സംഘാംഗങ്ങളുമായി എത്തി വീട് ആക്രമിക്കുകയായിരുന്നു.
ഇതിനുശേഷം രണ്ടാമത്ത് എത്തി വീണ്ടും വീട് തകർക്കാനുള്ള ശ്രമത്തിനിടയിലാണ് പോലീസ് പെട്രോളിംഗ് സംഘത്തെ കണ്ടത്. പോലീസ് ഇവരുടെ അടുത്തേക്ക് ചെന്നതും പോലീസിന് നേരെ പെട്രോൾ ബോംബ് വലിച്ചെറിയുകയായിരുന്നു.