ഏറ്റുമാനൂർ: പോലീസ് പട്രോളിംഗ് സംഘത്തിനു നേരേ ബോംബെറിഞ്ഞ കേസിലെ പ്രതിയെ നായ കുടുക്കി. തുടർന്ന് പോലീസ് പിടികൂടി. കാലിൽ നായയുടെ കടിയേറ്റ പ്രതി പുറത്തേക്ക് പോകാനാവാതെ വീടിനുള്ളിൽ കഴിയുകയായിരുന്നു. ഇക്കാര്യം രഹസ്യമായി പോലീസിനെ ആരോ അറിയിച്ചു. തുടർന്ന് പോലീസ് എത്തി വീടിനുള്ളിൽ നിന്ന് പ്രതിയെ പൊക്കി.
അതിരന്പുഴ കോട്ടമുറി പ്രിയദർശനി കോളനിയിൽ വേന്പനമുകളേൽ വിഷ്ണു യോഗേഷാ(18)ണ് പിടിയിലായത്. ഏറ്റുമാനൂർ സിഐ എ.ജെ. തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് പ്രതിയെ കോളനിക്കുള്ളിൽ നിന്നും പിടികൂടിയത്. ഒളിവിൽ കഴിയുന്നതിനിടയിലാണ് പ്രതിയുടെ കാലിൽ തെരുവ് നായ കടിച്ചത്.
ഒരാഴ്ച മുൻപാണ് പോലീസിനു നേരേ പെട്രോൾ ബോംബെറിഞ്ഞ സംഭവമുണ്ടായത്. ബൈക്ക് റെയ്സിംഗ് നടത്തിയത് ചോദ്യം ചെയ്തതിന്റെ പേരിൽ ഒരാളുടെ വീട് ഗുണ്ടകൾ ചേർന്ന് ആക്രമിച്ചു. ഇതറിഞ്ഞു ചെന്ന പോലീസിനു നേരേയാണ് ബോംബെറിഞ്ഞത്. ഭാഗ്യത്തിന് ബോംബ് പൊട്ടിയില്ല. ബോംബ് പൊട്ടിയിരുന്നുവെങ്കിൽ വലിയ ദുരന്തം ഉണ്ടാകുമായിരുന്നു.