കണ്ണൂർ: തോട്ടടയിൽ വിവാഹ സംഘത്തിന് നേരെയുണ്ടായ ബോബേറിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതികളെ സഹായിക്കാൻ വടിവാളുമായി എത്തിയ തോട്ടട സ്വദേശിയും അറസ്റ്റിൽ. പ്രധാന പ്രതി മിഥുന്റെ സുഹൃത്ത് സനാദി (25) നെയാണ് അന്വേഷണ സംഘം പിടികൂടിയത്.
സംഭവ ദിവസം ഉച്ചയോടെ സനാദ് കാറിൽ സ്ഥലത്ത് എത്തുകയായിരുന്നു. താൻ ഇവിടെയെത്തിയെന്ന വിവരം മിഥുനെ അറിയിക്കുകയും ചെയ്തു.
തുടർന്നാണ് ബോംബേറ് നടന്നത്. ബോംബേറ് നടത്തുമ്പോൾ പ്രദേശവാസിയായ ആരുടെയെങ്കിലും സഹായം വേണമെന്ന് മിഥുൻ ചിന്തിച്ചിരുന്നു. തുടർന്നാണ് സനാദിന്റെ സഹായം തേടിയത്.
ഗുണ്ടാ സംഘങ്ങളുമായി പിടിപാടുള്ള സനാദ് സഹായിക്കാമെന്ന് ഏറ്റു. ബോംബേറിന് ശേഷം എന്തെങ്കിലും സംഘർഷമുണ്ടായാൽ നേരിടാനാണ് വടിവാളുമായി സനാദ് എത്തിയത്.
എന്നാൽ തങ്ങളുടെ കൂട്ടത്തിലുള്ള ആൾക്ക് തന്നെ ബോംബ് കൊള്ളുമെന്ന് അവർ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. പ്രതീക്ഷിക്കാത്തത് നടന്നതോടെ പ്രതികൾ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
മിഥുൻ സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ടത് സനാദിന്റെ കാറിലാണെന്ന സൂചനയുമുണ്ട്.സനാദിന്റെ കയ്യിൽ വടിവാളുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സനാദ് സഞ്ചരിച്ച കാറും പോലീസ് പിടിച്ചെടുത്തു. പ്രതിരോധിക്കാനായി പ്രതികൾ ഗുണ്ടാ സംഘത്തിന്റെ സഹായം തേടിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് സനാദ് പിടിയിലാവുന്നത്.
അതേസമയം ഇന്നലെ എടക്കാട് സ്റ്റേഷനിൽ എത്തി കീഴടങ്ങിയ ഏച്ചൂർ സ്വദേശികളായ മിഥുൻ, ഗോകുൽ എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപെടുത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി.
ഏച്ചൂർ സംഘം എത്തിയത്ആസൂത്രണത്തോടെ
വ്യക്തമായ ആസൂത്രണത്തോടെയാണ് ഏച്ചൂർ സംഘം വിവാഹ വീട്ടിൽ എത്തിയതെന്ന് പോലീസ് കണ്ടെത്തൽ. മൂന്ന് ബോംബുകളാണ് ഇവർ കയ്യിൽ കരുതിയിരുന്നത്.
ഇത് മൂന്നും തോട്ടട സംഘത്തിന് നേരെ എറിഞ്ഞതായി പോലീസ് പറഞ്ഞു. ഒരു ബോംബ് പൊട്ടുകയും ഒന്ന് പൊട്ടാതെ നിലത്ത് വീഴുകയും മറ്റൊന്ന് ഇവരുടെ കൂട്ടത്തിൽ തന്നെയുള്ള ജിഷ്ണുവിന്റെ തലയിൽ തട്ടിപൊട്ടുകയും ചെയ്തു.
ജിഷ്ണുവിന്റെ തലയിൽ തട്ടിപൊട്ടിയ ബോംബിൽ ലോഹ ചീളുകളുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, നിലത്ത് പൊട്ടാതെ വീണ ബോംബിൽ ലോഹത്തിന്റെ അംശമില്ലെന്ന് പോലീസ് പറഞ്ഞു.
വിവാഹ തലേന്ന് രാത്രിയിലെ ആഘോഷത്തിനിടെ മിഥുനെ തോട്ട സംഘത്തിൽ പെട്ടയാൾ തല്ലിയെന്നും മിഥുൻ അയാളെ വാഹനത്തിന്റെ താക്കോൽ കൊണ്ട് കുത്തിയെന്നും വിവരമുണ്ട്.
ഇതിന് വിവാഹദിവസം തിരിച്ചടിയുണ്ടായാൽ ബോംബെറിഞ്ഞ് എതിരാളികളെ അപായപെടുത്തനാണ് സംഘം ആസൂത്രണം ചെയ്തെന്നാണ് പോലീസ് നിഗമനം.
മൂന്ന് ബോംബുകളും പ്രതികൾ തന്നെയാണ് ഉണ്ടാക്കിയതെന്നാണ് പ്രതികളുടെ മൊഴിയികളിൽ നിന്നുള്ള സൂചന.കല്യാണ വീട്ടിലേക്ക് കയറാൻ സമ്മതിക്കാത്തതിന്റെ പിന്നാലെയാണ് സംഘർഷമുണ്ടായതെന്നും ബോംബെറിഞ്ഞതെന്നുമാണ് പോലീസ് പറയുന്നത്.
കൂടുതൽ പേർ ഇതിൽ ഉൾപെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.
ബോംബേറിന് കാരണം തർക്കം
കല്യാണ വീട്ടിൽ ഡാൻസ് കളിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് ബോംബേറിന് കാരണമെന്ന് റിമാൻഡ് റിപ്പോർട്ട്. ഡാൻസ് കളിക്കുന്നതിനിടെ മുഖ്യപ്രതി അക്ഷയ് സൗണ്ട് ബോക്സിന്റെ കണക്ഷൻ വിഛേദിക്കുകയും തുടർന്ന് ഇരുവിഭാവും തമ്മിൽ തർക്കവും സംഘർഷവും ഉണ്ടാകുകയായിരുന്നു.
ഇതിന്റെ വൈരാഗ്യത്തിൽ കല്യാണ ദിവസമായ ഞായറാഴ്ച പ്രതി അക്ഷയ് അടക്കം മൂന്ന് ബോംബുകൾ കയ്യിൽ കരുതിയിരുന്നു. ഞായറാഴ്ച ഉച്ചയോടെ വധുവരൻമാരെ ആനയിച്ച് കൊണ്ടുപോകുമ്പോൾ ഏച്ചൂർ സംഘവും പ്രദേശവാസികളുമായി വീണ്ടും തർക്കമുണ്ടാകുകയായിരുന്നു.
തുടർന്ന് കൊല്ലണമെന്ന ഉദ്ദേശത്തോടെ ബോംബെറിയുകയും മുന്പിൽ പോകുകയായിരുന്ന ജിഷ്ണുവിന്റെ തലയിൽ ബോംബ് വീണ് ജിഷ്ണു കൊല്ലപെടുകയുമായിരുന്നെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.