മാവേലിക്കര: ചെട്ടികുളങ്ങരയിൽ പെട്രോൾ നിറച്ച സ്ഫോടന സാമഗ്രിയും ഗുണ്ടും കണ്ടെത്തി. ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സി. കൃഷ്ണമ്മയുടെ പേളയിലെ വീടിനു സമീപം ആളൊഴിഞ്ഞ പറന്പിലെ കുറ്റിക്കാട്ടിൽ നിന്നും ഇന്നലെ രാവിലെ 9.15 ഓടെയാണ് കുപ്പിയിൽ പെട്രോൾ നിറച്ച നിലയിലുള്ള സ്ഫോടക സാമഗ്രിയും പെട്രോൾ നിറച്ച പ്ലാസ്റ്റിക് കുപ്പിയും ഗുണ്ടും കണ്ടെത്തിയത്.
കൃഷ്ണമ്മയുടെ അയൽവാസിയായ ബന്ധു അരുണ് വീട്ടുമുറ്റത്ത് നിൽക്കുന്പോൾ സംശയകരമായ നിലയിൽ സമീപത്തുള്ള ആളൊഴിഞ്ഞ പറന്പിനുസമീപം റോഡരികിൽ ബൈക്ക് നിർത്തിയിരിക്കുന്നത് കണ്ടു. പരിശോധനയ്ക്കായി കൃഷ്ണമ്മയും അരുണും ബൈക്കിനരികിലേക്ക് നടന്നു ചെല്ലുന്നതിനിടയിൽ കടവൂർ സ്വദേശിയായ ആർഎസ്എസ് പ്രവർത്തകൻ മറ്റൊരാളെയും പിന്നിൽ കയറ്റി പെട്ടെന്ന് കടന്നു കളയുന്നത് കണ്ടതായി ഇരുവരും പറഞ്ഞു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാവേലിക്കര എസ്ഐ സി. ശ്രീജിത്ത് സ്ഫോടന സാമഗ്രികൾ പരിശോധനയ്ക്കായി കൊണ്ടുപോയി.കഴിഞ്ഞദിവസം ഈരേഴ വടക്ക് ശ്രീവത്സത്തിൽ ഗോപാലകൃഷ്ണന്റെ വീട്ടുമുറ്റത്ത് എറിഞ്ഞ മാതൃകയിലുള്ള സ്ഫോടക സാമഗ്രിയാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. കൃഷ്ണമ്മ മാവേലിക്കര സിഐക്ക് പരാതി നൽകി.
ചെട്ടികുളങ്ങരയിൽ മൂന്നുമാസമായി തുടരുന്ന ആക്രമണ പരന്പരയിൽ രണ്ടു തവണയാണ് ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സി. കൃഷ്ണമ്മയുടെ വീടിനു നേരേ ആക്രമണമുണ്ടായത്. ആദ്യത്തെ ആക്രമണത്തിൽ വീട് തല്ലിത്തകർത്ത അക്രമികൾ രണ്ടാംതവണ വീടിനുനേരേ ഗുണ്ടെറിയുകയായിരുന്നു.
സ്ഫോടന സാമഗ്രികൾ കണ്ടെത്തിയ ആളൊഴിഞ്ഞ പറന്പിലെ ശുചിമുറിയിൽ നിന്നും കഴിഞ്ഞ മാസമാണ് ഗുണ്ടുകളും ആയുധങ്ങളും മറ്റും കണ്ടെത്തിയത്. ഈ സംഭവങ്ങളിൽ പ്രതികളായ ആർഎസ്എസുകാർ അറസ്റ്റിലായിരുന്നു. കണ്ടെത്തിയ സ്ഫോടക സാമഗ്രികൾ വിരലടയാള വിദഗ്ധർ പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.