വിഴിഞ്ഞം: സിപിഎം നേതാവിന്റെ വീടിന് മുന്നിൽ കണ്ടെത്തിയ നാടൻ ബോംബുകൾ ബോംബു സ്ക്വാഡ് നിർവീര്യമാക്കി. ഞായറാഴ്ച രാവിലെയാണ് പൂങ്കുളം കല്ലടിച്ചാൻ മൂല പാലാഴിയിൽ സന്തോഷിന്റെ വീട്ടുവരാന്തയിൽ ബോംബുകൾ കണ്ടെത്തിയത്. ഇന്നലെ രാവിലെ എട്ടരയോടെ സ്ക്വാഡ് എഎസ്ഐ രാജിന്റെ നേതൃത്വത്തിൽ എത്തിയ വിദഗ്ദസംഘം ബോംബുകൾ ഓരോ ഭാഗങ്ങളായിപൊളിച്ചുമാറ്റിയാണ് നിർവീര്യമാക്കിയത്.
ഉഗ്രസ്ഫോടനശേഷിയുള്ളബോംബുകൾ പൊട്ടിയിരുന്നെങ്കിൽ വൻ അപകടമുണ്ടാകുമായിരുന്നതായി സംഘം വിലയിരുത്തി. സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ സ്ഫോടകവസ്തുക്കൾ കൂടുതൽ പരിശോധനക്കായി ഫോറൻസിക് ലാബിലേക്ക് അയക്കും .കോവളം സിഐ അനിൽകുമാർ, എസ്ഐഅനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
സന്തോഷിന്റെ വീടിന് സമീപത്തുള്ള നിരവധി സിസിടിവികൾ ഇന്നലെപരിശോധിച്ചെങ്കിലും കാര്യമായ തെളിവുകൾ പോലീസിന് ലഭിച്ചില്ല. അയൽവാസികൾ കണ്ടെന്ന് പറയുന്ന സമയം റോഡിലൂടെ രണ്ട് ബൈക്കുകൾ പോകുന്നതായി തെളിയുന്നെങ്കിലും ഇവയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. സമീപത്തെ വീടുകളിൽ ഇരുട്ടിൽ തെളിയുന്ന കാമറകൾ ഇല്ലാത്തതും അന്വേഷണത്തിന് തടസമായതായി അധികൃതർ പറയുന്നു.
കൂടാതെ ബോംബെന്നറിയാതെ വീട്ടുകാർ കൈകൊണ്ട് പൊതി തുറന്നതിനാൽ യഥാർഥ വിരലടയാളം ലഭിക്കാൻ സാധ്യതയില്ലെന്നും പോലീസ് കരുതുന്നു. ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെ പുറത്തിറങ്ങിയ സന്തോഷാണ് വീടിന്റെ വാതിലിനോട് ചേർന്ന് ബോംബുകൾ കണ്ടെത്തിയത്.ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുടെ ഭാഗമാകാം ബോംബുകൾ കണ്ടെത്തിയതിന് പിന്നിലെന്ന് പോലീസ് പറയുന്നു.