കാട്ടാക്കട: നിരോധനാജ്ഞ നിലനിൽക്കുന്ന കാട്ടാക്കടയിൽ വീണ്ടും അക്രമം തലപൊക്കി. സിഐടിയു ഏരിയാ സെക്രട്ടറിയും സിപിഎം കാട്ടാക്കട ലോക്കൽ കമ്മിറ്റി അംഗവുമായ എം.ഫ്രാൻസിസിന്റെ വീട്ടിനു നേരെ കഴിഞ്ഞ രാത്രി നാടൻ ബോംബെറിഞ്ഞു. ആക്രമണത്തിൽ ആർക്കും പരിക്കില്ല.
കാട്ടാക്കട മൊളിയൂർ ക്ഷേത്ര റോഡിൽ ക്യഷിഭവന് സമീപമാണ് ഫ്രാൻസിന്റെ വീട്. അർധരാത്രി പന്ത്രണ്ടോടെ വീടിന്റെ മുൻ വശത്ത് എന്തോ സാധനം വീണതായി വീട്ടുകാർ ശബ്ദം കേട്ടു. തുടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവമറിഞ്ഞ് കാട്ടാക്കട പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഇന്ന് സയന്റിഫിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തും.
കഴിഞ്ഞ മാസം 25 മുതലാണ് കാട്ടാക്കടയിൽ പ്രശ്നങ്ങൾ തുടങ്ങിയത്. ഇരു പാർട്ടിയുടെയും ഓഫീസുകൾ തകർത്തിരുന്നു. തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അക്രമം അരങ്ങേറുകയും ശ്രീകാര്യത്ത് ആർഎസ്എസ് പ്രവർത്തകനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തിരുന്നു. സംഘർഷം കണക്കിലെടുത്ത് നിരോധനാജ്ഞ പ്രദേശത്ത് നിലനിൽക്കുന്പോഴാണ് വീണ്ടും അക്രമമുണ്ടാകുന്നത്.
ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വീട്ടുകാരുടെ മൊഴി. ജില്ലയിലെ സംഘർഷങ്ങളെ തുടർന്ന് ഈ വീടിന് നേരത്തെ പോലീസ് സുരക്ഷ നൽകിയിരുന്നു. ചൊവ്വാഴ്ച സുരക്ഷ പിൻവലിച്ചതിന് പിന്നാലെയാണ് പുലർച്ചെ ആക്രമണം നടന്നത്. സംഭവത്തിന് പിന്നിൽ ബിജെപിയാണെന്ന് സിപിഎം പ്രാദേശിക നേതൃത്വം ആരോപിച്ചു.