തിരുവനന്തപുരം: തലസ്ഥാനത്തെ വ്യാജ ബോംബ് ഭീഷണിയിൽ ഇമെയിൽ വിവരങ്ങൾ കൈമാറാൻ മൈക്രോസോഫ്റ്റിനും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം അധികൃതർക്കും നിർദേശം നൽകി സിറ്റി പോലീസ്. ഇന്നലെ തന്പാനൂർ റെയിൽവെ സ്റ്റേഷനിലും വിമാനത്താവളത്തിലും സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം എത്തിയിരുന്നു. രണ്ടിടത്തും പോലീസും ഡോഗ്സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
കഴിഞ്ഞ ഒരാഴ്ചയിലേറെയായി തലസ്ഥാനത്തെ തന്ത്ര പ്രധാന കേന്ദ്രങ്ങളിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഇമെയിലിലൂടെ വ്യാജ ഭീഷണി എത്തിയിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്തിയില്ല.ഇമെയിൽ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനും അയച്ച ആളിനെ കണ്ടെത്താനും മൈക്രോസോഫ്ട് അധികൃതരോട് സൈബർ പോലീസും സിറ്റി പോലീസും രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ വിവരങ്ങൾ നൽകാതെ കന്പനികൾ വീഴ്ച വരുത്തിയത് അന്വേഷണത്തെ ബാധിച്ചതിനെ തുടർന്നാണ് പോലീസ് നിലപാട് കടുപ്പിച്ച് അന്ത്യശാസനം നൽകിയിരിക്കുന്നത്. ഇ-മെയിലിലൂടെയുള്ള വ്യാജ ബോംബ് ഭീഷണിയിൽ ഐപി വിലാസം ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകണമെന്ന് സൈബർ പോലീസ് നേരത്തെ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞയാഴ്ച ജില്ലാ കോടതിയിലും സ്റ്റാച്യുവിലെ ഹോട്ടലിലും ബൈപാസിലെ ഹോട്ടലിലും സ്ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി. വ്യാജ ബോംബ് ഭീഷണി സംബന്ധിച്ച് പോലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ സോഷ്യൽ മീഡിയ കന്പനികൾ നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മാത്രമെ അന്വേഷണം കുടുതൽ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുകയുള്ളുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇന്നലെ രാവിലെ വ്യാജ ബോംബ് ഭീഷണി സന്ദേശം ഇ മെയിലിലുടെ എത്തിയത് ട്രാഫിക് പോലീസ് സ്റ്റേഷനിലേക്കായിരുന്നു.