വളപട്ടണം (കണ്ണൂർ): അഴീക്കോട് ഗ്രാമപഞ്ചായത്ത് സാക്ഷരതാ തുടർവിദ്യാകേന്ദ്രവും വായനശാലയും പ്രവർത്തിക്കുന്ന കെട്ടിടത്തിനു നേരെ ബോംബേറ്. ഇന്നു പുലർച്ചെ 1.30 ഓടെയാണു ബോംബേറുണ്ടായത്. ബോംബേറിൽ തുടർവിദ്യാകേന്ദ്രത്തിന്റെ വാതിൽ തകർന്ന നിലയിലാണ്. ഉഗ്രശബ്ദംകേട്ടു നാട്ടുകാർ എത്തുമ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു. വിവരമറിഞ്ഞു വളപട്ടണം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പൊതുവേ സമാധാനം നിലനിൽക്കുന്ന പ്രദേശത്തു ബോധപൂർവം സംഘർഷം വളർത്താനുള്ള ചിലരുടെ ശ്രമമാണ് അക്രമത്തിനു പിന്നില്ലെന്നു സിപിഎം ആരോപിച്ചു. കണ്ണൂരിൽ നിന്നു ബോംബ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് അക്രമം നടത്തിയതെന്നു കരുതുന്നു. നേരത്തെ ഈ കെട്ടിടത്തിൽ സിപിഎം നിയന്ത്രണത്തിലുള്ള വായനശാല പ്രവർത്തിച്ചിരുന്നു.