തലശേരി: കതിരൂർ കാപ്പുമ്മൽ പാനുണ്ടയിൽ സിപിഎം-ബിജെപി സംഘർഷത്തിലും ബോംബേറിലും ഏഴ് പേർക്ക് പരിക്കേറ്റു. സംഭവസ്ഥലത്തു നിന്നും പൊട്ടാത്ത ഒരു ബോംബും ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ട് ബൈക്കുകളും കണ്ടെടുത്തു.
ബോംബേറിൽ പരിക്കേറ്റ സിപിഎം പ്രവർത്തകരായ പാനുണ്ട കൈലാസത്തിൽ ശ്രീദേവ് (29) വി.കെ.ഹൗസിൽ ഷമിൽ ബാബു (21) നിലാമ്പല്ലി വീട്ടിൽ ശ്യാംജിത്ത് (23) കണ്ടുകുളം വീട്ടിൽ രജിനേഷ് (25) എന്നിവരെ തലശേരി സഹകരണ ആശുപത്രിയിലും മർദനമേറ്റ് സാരമായ പരിക്കുകളോടെ ബിജെപി പ്രവർത്തകരായ എരുവട്ടി കാരയിൽകണ്ടി വീട്ടിൽ പ്രശാന്ത് (42), ശങ്കരനെല്ലൂർ വലിയപറമ്പത്ത് മഞ്ജുനാഥ് (18), പാച്ച പൊയ്ക സുപ്രിയ നിവാസിൽ ആദർശ് (20) എന്നിവരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഓഫീസിനു സമീപം ഇരിക്കുകയായിരുന്ന പ്രവർത്തകർക്കു നേരെ അഞ്ച് ബൈക്കുകളിലെത്തിയ ബിജെപി-ആർഎസ്എസ് സംഘം ബോംബെറിയുകയായിരുന്നുവെന്ന് സിപിഎം ആരോപിച്ചു. പാനുണ്ട സ്കൂളിനു സമീപം ബൈക്കിൽ പോകുകയായിരുന്ന പ്രവർത്തകരെ പത്തോളം വരുന്ന സിപിഎം സംഘം വാഹനം തടഞ്ഞുനിർത്തി അക്രമിക്കുകയായിരുന്നുവെന്ന് ബിജെപി നേതൃത്വവും ആരോപിച്ചു.
സംഘർഷത്തെ തുടർന്ന് എഎസ്പി ചൈത്ര തെരേസ ജോൺ, കതിരുർ പ്രിൻസിപ്പൽ എസ്ഐ ഷാജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.