ന്യൂഡൽഹി: ആറു ദിവസത്തിനുള്ളിൽ എഴുപതോളം ബോംബ് ഭീഷണിയുണ്ടായതിനെത്തുടർന്ന് വ്യോമയാന മേഖലയിൽ രൂപപ്പെട്ട പ്രതിസന്ധി മറികടക്കാൻ രാജ്യത്തെ വിവിധ വിമാനക്കന്പനി സിഇഒമാരുടെ യോഗം വിളിച്ചുചേർക്കാൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) തീരുമാനിച്ചു.
വിവിധ എയർലൈൻ കന്പനികളുടെ സർവീസുകൾ തകർക്കുമെന്ന മുന്നറിയിപ്പുമായി ഇന്നലെ മാത്രം മുപ്പതിലേറെ സന്ദേശമാണു ലഭിച്ചത്. യാത്രക്കാരെ തീരാദുരിതത്തിലാഴ്ത്തുന്ന സംഭവങ്ങളിൽ വിമാനം വഴിതിരിച്ചു വിടുന്നതുൾപ്പെടെ വലിയ സാന്പത്തികബാധ്യതയും കന്പനികൾക്കു വരുത്തിവയ്ക്കുന്നു.
ഇന്നലെ രാവിലെ ബോംബ് ഭീഷണിയെത്തുടർന്ന് ജയ്പുർ -ദുബായ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ യാത്ര വൈകി. രാവിലെ 6.10ന് ടേക്ക് ഓഫ് ചെയ്യേണ്ടിയിരുന്ന വിമാനം ഒന്നേകാൽ മണിക്കൂറോളം വൈകി 7.45നാണ് ദുബായിലേക്കു പറന്നത്. ഭീഷണിസന്ദേശം ലഭിച്ചതിനെത്തുടർന്ന് ഡൽഹിയിൽനിന്നു ലണ്ടനിലേക്കുള്ള വിസ്താര വിമാനം ഫ്രാങ്ക്ഫർട്ടിലേക്ക് വഴിതിരിച്ചുവിട്ടതാണു മറ്റൊരു സംഭവം. വിമാനം നിലത്തിറക്കിയശേഷം വിശദമായ പരിശോധന നടത്തി അപകടമില്ലെന്ന് ഉറപ്പാക്കിയശേഷം ലണ്ടനിലേക്കു യാത്ര പുനരാരംഭിക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം ബംഗളൂരുവിൽനിന്ന് മുംബൈ യിലേക്കുള്ള ആകാശ എയറിനും ഭീഷണിസന്ദേശം ലഭിച്ചിരുന്നു. ടേക്ക് ഓഫിനുമുന്പ് ഭീഷണിസന്ദേശം വന്നതോടെ ആശങ്കയായി. വിമാനം വിശദമായി പരിശോധിച്ചശേഷം ഏറെ വൈകിയാണു യാത്ര പുനരാരംഭിച്ചത്. ആകാശയുടെ അഞ്ച് എയർ വിമാനങ്ങൾക്കും അഞ്ച് ഇൻഡിഗോ വിമാനങ്ങൾക്കും വെള്ളിയാഴ്ച രാത്രിയിലും ഇന്നലെയുമായി ഭീഷണിസന്ദേശം ലഭിച്ചു.
സമീപനാളുകളിലുണ്ടായ ഭീഷണിസന്ദേശങ്ങൾക്കു പിന്നിൽ ഗൂഢാലോചന കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. കർശനമായ നിയമങ്ങൾ തയാറാക്കാൻ ശ്രമിക്കുകയാണെന്നു കേന്ദ്രമന്ത്രി രാം മോഹൻ നായിഡു അറിയിച്ചു. പ്രാഥമിക പരിശോധനയില്‍ ചില ഭീഷണിസന്ദേശങ്ങള്‍ എത്തിയ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ വിലാസം (ഐപി അഡ്രസ്) ലണ്ടന്‍, ജര്‍മനി, കാനഡ, യുഎസ് എന്നിവിടങ്ങളിലാണ്. യഥാര്‍ഥ സ്ഥലം മറച്ചുവയ്ക്കുക എന്ന ലക്ഷ്യത്തോടെ വിപിഎന്‍ (വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക്) സഹായത്തോടെയും സന്ദേശങ്ങള്‍ അയയ്ക്കാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞയാഴ്ചയുണ്ടായ ഭീഷണിസന്ദേശങ്ങൾക്കു പിന്നിൽ ഛത്തീസ്ഗഡിൽനിന്നുള്ള 17 കാരനാണെന്ന് മുംബൈ പോലീസ് കണ്ടെത്തിയിരുന്നു. പണമിടപാടുമായി ബന്ധപ്പെട്ട് കൂട്ടുകാരനുമായുള്ള തർക്കത്തെത്തുടർന്ന് സുഹൃത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് തുറന്ന് ഭീഷണിസന്ദേശം അയയ്ക്കുകയായിരുന്നുവെന്നാണ് മുംബൈ പോലീസ് കണ്ടെത്തിയത്.