ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ബോംബുവെച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയ യുവാവിനെ ഗുരുവായൂർ ടെന്പിൾ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പൂഞ്ഞാർ പനച്ചിപ്പാറ കല്ലട വീട്ടിൽ സുബിൻ സുകുമാരനെ (32) എറണാകുളം രവിപുരത്തുനിന്ന് ഇന്നുപുലർച്ചെ 12.45-ന് ഗുരുവായൂർ ടെന്പിൾ സിഐ യു.എച്ച്. സുനിൽദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
എറണാകുളത്തെ സെക്യൂരിറ്റി സ്ഥാപനത്തിലെ ജീവനക്കാരനാണ്. സുബിൻ സുകുമാരന്റെ മൊബൈലിൽനിന്ന് ചൊവ്വാഴ്ച രാത്രി 10.10ഓടെ ഗുരുവായൂർ ദേവസ്വം ഓഫീസിന്റെ ഫോണിലേക്ക് വിളിച്ച് ക്ഷേത്രത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു.
ഫാസിൽ ആണ് വിളിക്കുന്നതെന്ന പേരുപറഞ്ഞാണ് വിളിച്ചത്. സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റു ചെയ്തത്. സീനിയർ സിപിഒ പി.എസ്. അനിൽകുമാർ, വിനുകുമാർ, ലിജുമോൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.