പാപ്പിനിശേരി: പാപ്പിനിശേരി കോലത്തുവയലിൽ ബിജെപി പ്രവർത്തകന്റെ വീടിനു നേരേ ബോംബേറ്. കോലത്തുവയലിലെ മരച്ചാപ്പക്ക് സമീപം പാട്യം സ്മാരക വായനശാലക്ക് അരികിൽ സദാനന്ദൻ-രജി ദമ്പതികളുടെ മകൻ സരിന്റെ വീടിനു നേരേയാണ് ആക്രമണം. ഇന്ന് പുലർച്ചെ മൂന്നോടെയാണ് സംഭവം.ബോംബേറിൽ വീടിന്റെ ജനൽചില്ലുകൾ തകർന്നു. ഉഗ്രസ്ഫോടനത്തിൽ മേശയും കസേരകളും തകർന്നു. ബഹളം കേട്ട് വീട്ടുകാർ പുറത്ത് വന്നപ്പോൾ അക്രമികൾ വാഹനങ്ങളിൽ രക്ഷപ്പെട്ടു.
ഈ വീട് നേരത്തെയും സിപിഎം ആക്രമിച്ചിരുന്നതായി ബിജെപി നേതാക്കൾ പറഞ്ഞു. ജനൽ ചില്ല് തെറിച്ച് സരിൻ അടക്കം രണ്ടുപേർക്ക് നിസാര പരിക്കേറ്റു. സരിന്റെ സഹോദരൻ സലിൻ യുവമോർച്ച മുൻ അഴീക്കോട് മണ്ഡലം നേതാവ് ആയിരുന്നു. സിപിഎം ആസൂത്രണം ചെയ്തതാണെന്ന് ബിജെപി ആരോപിച്ചു. വിവരമറിഞ്ഞ് കണ്ണപുരം എസ്ഐ കെ.എ. ഫിലിപ്പിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി വരികയാണ്. കണ്ണൂരിൽ നിന്നും ബോംബ് സ്ക്വാഡും സ്ഥലത്ത് എത്തി.
കീച്ചരി ,അരോളി ഭാഗത്ത് ഉണ്ടായ ആക്രമണത്തിന്റെ തുടർച്ചയായ സംഭവമാണിതെന്നാണ് പോലീസ് കരുതുന്നത്.തികച്ചും സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് സംഘർഷം ഉണ്ടാക്കി ഭരണത്തിന്റെ മറവിൽ ബിജെപി പ്രവർത്തകരെ കളളക്കേസിൽ കുടുക്കാൻ സിപിഎം നടത്തിയ ശ്രമം ആണ് പാപ്പിനിശേരി മേഖലയിൽ നടന്നു വരുന്നത് എന്ന് ബിജെപി നേതാക്കളായ വിജയൻ മാങ്ങാട്, ബിജു തുത്തി എന്നിവർ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് മേഖലയിൽ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കും.