പന്തക്കൽ: ഊരോത്തുമ്മൽ ക്ഷേത്രക്കവാടത്തിനു പരിസരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിനു നേരെ ബോംബെറിഞ്ഞ സംഭവത്തിൽ കണ്ടാലറിയാവുന്ന 3 ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസെടുത്തതായി പളളൂർ പോലീസ് പറഞ്ഞു.
ഇന്നലെ രാത്രി ഒൻപതോടെ പന്തോക്കാട് ഊരോത്തുമ്മൽ ഭാഗം ബ്രാഞ്ച് സെക്രട്ടറി പന്തക്കലിലെ കെ.ബിജു (38) വിന്റെ സ്കൂട്ടറിനാണു ബോംബെറിഞ്ഞത്. പന്തക്കലിൽ നിന്നു പള്ളൂരിൽ പോകുന്ന വഴിയിൽ ഊരോത്തുമ്മൽ ക്ഷേത്രക്കവാടത്തിനു സമീപംവച്ചാണ് അക്രമം നടന്നത്.
ബോബ് വണ്ടിയിൽ തട്ടിയില്ലെങ്കിലും നിയന്ത്രണംവിട്ടു മറിഞ്ഞു കാലുകൾക്കും ബോംബ് പൊട്ടിയ ശബ്ദത്തിൽ കേൾവിക്കും തകരാറ് പറ്റിയ ബിജുവിനെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തെ തുടർന്ന് പള്ളൂർ, പന്തക്കൽ മേഖലയിൽ ശക്തമായ പോലീസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
മാഹി എസ്പി സി.എച്ച്.രാധാകൃഷ്ണ, പള്ളൂർ എസ്ഐ സെന്തിൽകുമാർ, പന്തക്കൽ എഎസ്ഐ ഷൺമുഖം എന്നിവർ രാത്രി തന്നെ സംഭവ സ്ഥലവും ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിജുവിനേയും സന്ദർശിച്ചു.