കാഞ്ഞങ്ങാട്: ഗൃഹസന്ദര്‍ശനത്തിന് എത്തിയ സിപിഎം നേതാക്കള്‍ക്ക് നേരേ ബോംബാക്രമണം നടത്തിയ പാർട്ടി പ്രവർത്തകനായി അന്വേഷണം ഊർജിതമാക്കി. ബിജെപി പ്രവർത്തകനും പോസ്റ്റ് മാസ്റ്ററുമായിരുന്ന ദാമോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്ന സിപിഎം പ്രവർത്തകൻ അമ്പലത്തറ ലാലൂര്‍ സ്വദേശി രതീഷ് എന്ന മാന്തി രതീഷാണ് സ്വന്തം പാർട്ടി നേതാക്കൾക്കു നേരേ ബോംബറിഞ്ഞത്.
ഇന്നലെ രാത്രി ഒൻപതോടെ പാറപ്പളളി കണ്ണോത്ത് തട്ടിലെ സമീറിന്റെ വീട്ടില്‍ വച്ചായിരുന്നു സംഭവം. ലോക്കല്‍ സെക്രട്ടറിമാരായ അനൂപ് ഏഴംമൈല്‍, ബാബുരാജ്, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി അരുണ്‍, ബാലകൃഷ്ണന് എന്നിവർ ഗൃഹസന്ദർശനത്തിനെത്തിയപ്പോഴായിരുന്നു അക്രമം.
ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും സമീറിന്റെ അയൽവാസിയായ ആമിന എന്ന സ്ത്രീക്ക് പരിക്കേറ്റു. ഇവരെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊലക്കേസിൽ പ്രതിയായ ശേഷം ഏറെക്കാലം പാർട്ടിയുടെ സംരക്ഷണത്തിലായിരുന്ന രതീഷിനെ പിന്നീട് പാർട്ടി നേതൃത്വം അകറ്റി നിർത്തിയതായും പറയപ്പെടുന്നു. വിവരമറിഞ്ഞ് അന്പലത്തറ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.