വി. മനോജ്
മലപ്പുറം: ദേശീയപാതയിലെ കുറ്റിപ്പുറം പാലത്തിനടിയിൽ നിന്നു വീണ്ടും ആയുധങ്ങളുടെ ശേഖരം കണ്ടെത്തിയതോടെ ഏതാനും ദിവസങ്ങളായി തുടരുന്ന ആശങ്ക വർധിക്കുന്നു. കഴിഞ്ഞ ദിവസം ഇവിടെ നിന്നു കുഴിബോംബുകൾ കണ്ടെടുത്തതിനു പിന്നാലെയാണ് ഇന്നലെ തോക്കിന്റെ തിരകളടക്കം ആയുധങ്ങളുടെയും അനുബന്ധവസ്തുക്കളുടെയും വൻ ശേഖരം കണ്ടെത്തിയത്. കുഴിബോംബുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും ദുരൂഹതകൾ നീങ്ങിയിട്ടില്ല.
കഴിഞ്ഞ ദിവസം കുഴിബോംബുകൾ കണ്ടെത്തിയ സ്ഥലത്തിനു തൊട്ടടുത്തു നിന്നു തന്നെയാണ് ഇന്നലെ ആയുധങ്ങൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. സൈന്യം ഉപയോഗിക്കുന്ന എസ്എൽആർ (സെൽഫ് ലോഡിങ്ങ് റൈഫിൾ) വിഭാഗത്തിലുള്ള 7.62 എംഎം വെടിയുണ്ടകളും വിവിധതരത്തിലുള്ള 560ലേറെ വെടിയുണ്ടകളും ഉപയോഗിച്ച വെടിയുണ്ടകളുടെ 45 കാലി ഷെല്ലുകളും അടങ്ങുന്ന ചാക്ക് പുഴയിൽ നിന്നാണ് കണ്ടെത്തടുത്തത്. ഇതിനു പുറമെ കുഴിബോംബുകൾ പൊട്ടിക്കാൻ ഉപയോഗിക്കുന്ന ആറു പൾസ് ജനറേറ്ററുകൾ, രണ്ടു ട്യൂബ് ലോഞ്ചർ, കണക്ടിംഗ് വയറുകൾ എന്നിവയും പരിശോധനയിൽ കണ്ടെത്തി.
തൃശൂർ-കോഴിക്കോട് ദേശീയപാതയിലെ കുറ്റിപ്പുറം പാലത്തിന്റെ അഞ്ചാമത്തെയും ആറാമത്തെയും തുണുകൾക്കിടയിൽ ചാക്കിൽ കെട്ടിയ നിലയിൽ വെള്ളത്തിൽ നിന്നാണ് ഇവ കണ്ടെത്തിയത്. സാധാരണയായി ജനങ്ങൾ വരാത്ത ഭാഗമാണിത്. ചാക്ക് കുറച്ചു നാളായി അവിടെ കണ്ടിരുന്നതായി പാലത്തിനടുത്തുള്ള മിനി പന്പയിൽ സുരക്ഷാപ്രവർത്തനത്തിലുള്ളവർ പറയുന്നു.
എന്നാൽ മാലിന്യം നിറച്ച ചാക്ക് ആരെങ്കിലും ഉപേക്ഷിച്ചതാകാമെന്നാണ് ഇവർ കരുതിയത്. ദിവസങ്ങൾക്കു മുന്പ് കുഴിബോംബുകൾ കണ്ടെത്തിയ സമയത്ത് ഈ ചാക്കുകൾ ഇവിടെ ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. കുഴിബോംബുകൾ കണ്ടെത്തിയ സമയത്ത് ഈ പ്രദേശത്ത് പോലീസ് തെരച്ചിൽ നടത്തിയിരുന്നു. കുഴിബോംബ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടു അന്വേഷണം ആരംഭിച്ചതോടെ ഈ ആയുധങ്ങൾ ഇവിടെ കൊണ്ടിട്ടതാകാമെന്നാണ് പോലീസ് കരുതുന്നത്.
കുറ്റിപ്പുറം പാലത്തിനടുത്ത് ശബരിമല യാത്രികർക്കു കുളിക്കാനായി മിനി പന്പയിൽ സൗകര്യങ്ങളൊരുക്കിയിരിക്കുന്നതിന്റെ അടുത്താണ് ആയുധങ്ങൾ കണ്ടെത്തിയിട്ടുള്ളത്. ശബരിമല യാത്രക്കാരെ അപായപ്പെടുത്താനായി കൊണ്ടുവന്നവയാണോ ഇവയെന്ന് പോലീസ് സംശയിച്ചിരുന്നു. എന്നാൽ മറ്റെവിടെയെങ്കിലും ഉപയോഗിക്കാനായി കൊണ്ടുപോകുന്പോൾ ഉപേക്ഷിച്ചതാകാമെന്നും കരുതുന്നുണ്ട്.
കേരളത്തിനു പുറത്തു നിന്നു എത്തിച്ചവയാണിതെന്ന് പോലീസ് പറയുന്നു. നേരത്തെ കണ്ടെത്തിയ കുഴിബോബുകൾ സൈനിക കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്നവയായിരുന്നു. മലപ്പുറത്തെ പോലീസ് ക്യാന്പിൽ സൂക്ഷിച്ചിരിക്കുന്ന ഈ കുഴിബോംബുകൾ തിരുവനന്തപുരത്തെ സൈനിക കേന്ദ്രത്തിൽ നിന്നുള്ള വിദഗ്്ധരെത്തി പരിശോധിച്ചിരുന്നു. മഹാരാഷ്ട്രയിൽ നിർമിച്ചവയാണ് ഇവയെന്ന് പരിശോധനയിൽ തെളിഞ്ഞു.
എന്നാൽ സൈനിക കേന്ദ്രത്തിൽ നിന്ന് ഇവയെങ്ങിനെ പുറത്തെത്തി എന്നു ഇതുവരെ കണ്ടെത്താനായിട്ടില്ല. അതേസമയം നേരത്തെ പാലത്തിനു സമീപം കുഴിബോംബുകൾ കണ്ടതായി പോലീസിനു ആദ്യം വിവരം നൽകിയത് ഒരു മഹാരാഷ്ട്ര സ്വദേശിയാണ്. ജോലിക്കായി കേരളത്തിലെത്തിയ ഇയാൾ വളാഞ്ചേരിയിലാണ് താമസം.