പാനൂർ : കടവത്തൂർ ഇരഞ്ഞീൻകീഴിൽ വെസ്റ്റ് എയ്ഡഡ് യുപി സ്കൂൾ പരിസരത്ത് തെരഞ്ഞെടുപ്പു ദിവസം പോലീസിനെ ബോംബെറിഞ്ഞ കേസിൽ മൂന്ന് യൂത്ത് ലീഗ് പ്രവർത്തകരെ കൊളവല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.
കടവത്തൂർ ഇരഞ്ഞീൻകീഴ് പ്രദേശത്തെ യൂത്ത് ലീഗിന്റെ പ്രവർത്തകരായ കണ്ണോളിൽ കെ.മുഹമ്മദ് (34), പീറ്റയുള്ളതിൽ അജ്മൽ സാദിഖ് (24), കണ്ണോളിൽ കെ റാഷിദ് (27) എന്നിവരെയാണ് കൊളവല്ലൂർ സർക്കിൾ ഇൻസ്പെക്ടർ ജോബിൻ മാത്യുവിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.
തെരഞ്ഞെടുപ്പ് ദിവസം വൈകുന്നേരം ആറോടെ കടവത്തൂർ ഇരഞ്ഞിൻ കീഴിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ബോംബേറിൽ കൊളവല്ലൂർ സബ്ബ് ഇൻസ്പെക്ടർ എംകെ അനിൽകുമാറിനും മലബാർ സ്പെഷൽ പോലീസിലെ ടി.ചന്ദ്രദാസിനും സാരമായ പരിക്കേറ്റിരുന്നു.
തലശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം റിമാൻഡിലായ മുഹമ്മദ് നബീൽ (24) ഉൾപ്പെടെ നാലു പ്രതികൾ ഈ കേസിൽ അറസ്റ്റിലായത്.