നാദാപുരം: ചേലക്കാട് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് 13 പൈപ്പ് ബോംബുകളുംമൂന്ന് സ്റ്റീല്‍ ബോംബുകളും കണ്ടെത്തിയ സംഭവത്തില്‍ പോലീസ് പ്രത്യേക അന്വഷണ സംഘം രൂപീകരിച്ചു.റൂറല്‍ എസ്പി യു.അബ്ദുള്‍ കരീമിന്റെ നിര്‍ദ്ദേശ പ്രകരാം നാദാപുരം സബ് ഡിവിഷണല്‍ ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാമിന്റെ മേല്‍ നോട്ടത്തില്‍ സിഐ രാജീവന് വലിയ വളപ്പിലിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.എസ്ഐ മാരും ,അഡി. എസ്ഐമാരും അടങ്ങുന്ന അഞ്ചംഗ സംഘമാണ് അന്വേഷണംആരംഭിച്ചത്.
വണ്ണത്താം കണ്ടി മൂസ ഹാജിയുടെ ചേലക്കാട് കോമത്ത് താഴ കുനിയിലെ വലിയ കണ്ടോത്ത് ആളൊഴിഞ്ഞ പറമ്പിലെ കയ്യാല പൊത്തില്‍ പ്ലാസ്റ്റിക് ബക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍ .കൈയ്യാലക്കുളളില് പച്ച നിറത്തിലുള്ള ബക്കറ്റുകളും ശ്രദ്ധയില്‍ പെട്ടതോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കണ്ട്രോള് റൂം പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി കയ്യാല പൊത്തില്‍ നിന്ന് ബക്കറ്റുകള്‍ പുറത്തെടുത്ത് പരിശോധിച്ചപ്പോള്‍ ഒരു ബക്കറ്റില്‍ തിരിയോടു കൂടിയ 13 പൈപ്പ് ബോംബുകളും, രണ്ടാമത്തെ ബക്കറ്റില്‍ മണലില്‍ സൂക്ഷിച്ച നിലയില്‍ മൂന്ന് സ്റ്റീല്‍ ബോംബുകളും കണ്ടെത്തിയത്.
ഡിവൈഎസ്പി പ്രിന്‍സ് അബ്രഹമിന്റെ നിര്‍ദ്ദേശ പ്രകാരം പയ്യോളിയില്‍ നിന്നെത്തിയ സ്നിഫര്‍ ഡോഗ് ലക്കി,ട്രാക്കര്‍ ഡോഗ് റിമോ എന്നിവയെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തിയെങ്കിലും മറ്റ് സ്ഫോടക വസ്തുുക്കളൊന്നും കണ്ടെത്താനായില്ല.കണ്ട്രോള് റൂം ഡിവൈഎസ്പി ടി.പി. പ്രേമരാജന്‍, നാദാപുരം സിഐ രാജീവന് വലിയവളപ്പില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സംഭവ സ്ഥലത്തെത്തി.
ബോംബുകള്‍ സൂക്ഷിച്ച് വെച്ച പ്ലാസ്റ്റിക്ക് ബക്കറ്റുകള്‍ കല്ലാച്ചിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് അടുത്തിടെ വാങ്ങിയതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.കടയില്‍ നിന്ന് പ്ലാസ്റ്റിക്ക് ബക്കറ്റുകള്‍ വാങ്ങിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.വെടിമരുന്ന് സൂക്ഷിച്ച പാത്രം, സ്പൂണ്‍ എന്നിവയില്‍ നിന്ന് വടകര നിന്നെത്തിയ വിരലടയാള വിദഗ്ധര്‍ സ്റ്റേഷനിലെത്തി സ്പൂണില്‍ നിന്ന് വിരലടയാളങ്ങള്‍ ശേഖരിച്ചു.
ബോംബ് സ്ക്വാഡ് എസ്ഐ എം.എം.ഭാസ്കരന്,മൊയ്തു, എന്‍.പി.ധനേഷ്,നവാസ്, എന്നിവരുടെ നേതൃത്വത്തില്‍ ബോംബുകള്‍ ചേലക്കാട് ക്വാറിയില്‍ വെച്ച് ഡിറ്റനേറ്റര്‍ ഉപയോഗിച്ച് നിര്‍വീര്യമാക്കി.പൈപ്പ് ബോംബുകളില്‍ ഡിറ്റനേറ്ററുകളും സണ്‍ 90 വിഭാഗത്തില്‍ പെട്ട ജലാറ്റിന്‍ സ്റ്റിക്കുകളും വെടി മരുന്നിനൊപ്പം ഉപയോഗിച്ചതായി കണ്ടെത്തി.മേഖലയില്‍ സംഘര്‍ഷം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തില്‍ വന്‍ തോതില്‍ ബോംബുകള്‍ ശേഖരിച്ച് വച്ചതെന്നാണ് പോലീസ് അനുമാനം.