തിരുവനന്തപുരം: ശബരിമല കർമസമിതിയുടെ ഹർത്താലിനിടെ നെടുമങ്ങാട് പോലീസ് സ്റ്റേഷനു നേർക്ക് ബോംബെറിഞ്ഞ കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് പൂവത്തൂർ ജയനാണു പിടിയിലായത്. പോലീസ് സ്റ്റേഷനു നേരെ ബോംബെറിഞ്ഞ കേസിന്റെ ഗൂഢാലോചനയിലും സംഘർഷത്തിലും ജയനു പങ്കുണ്ടെന്നു പോലീസ് അറിയിച്ചു.
ഹർത്താൽ ദിനത്തിൽ എസ്ഐയെയും സംഘത്തെയും ആക്രമിച്ച കേസിൽ പിടിയിലായ പ്രതികളെ സ്റ്റേഷനിൽനിന്നു മോചിപ്പിക്കാനെത്തിയ ആർഎസ്എസ്, ബിജെപി പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ സംഘർഷം നടന്നിരുന്നു. ഈ സമയത്താണ് ആർഎസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണ്‍, നിഷാന്ത് എന്നിവർ പോലീസ് സ്റ്റേഷനിലേക്ക് ബോംബ് എറിഞ്ഞത്.
ഇത് സമീപത്തെ സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു. നിഷാന്തിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. സംഭവത്തിനു ശേഷം പ്രവീണ്‍ ഒളിവിലാണ്. ആർഎസ്എസിന്റെ നെടുമങ്ങാട് സംഘ ജില്ലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് പ്രവീണാണ്.