ചാത്തന്നൂർ: ലഹരി സംഘങ്ങൾ തങ്ങുന്ന കേന്ദ്രത്തിൽ നിന്നും നാടൻ ബോംബുകളും മാരകായുധങ്ങളും പിടികൂടിയ സംഭവത്തിലും ഉളിയനാട് അപ്പുപ്പൻകാവിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ആക്രമിച്ച് പരിക്കേല്പിച്ച കേസിലും പ്രതികളായ രണ്ടു പേരെ ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.
മീനാട് കിഴക്കുംകര കൊല്ലാക്കുഴി കൊച്ചു കുന്നുംപുറത്ത് വീട്ടിൽ ഷാൻ (28) ചാത്തന്നൂർ കോയിപ്പാട് രാജീവ് ഗാന്ധി കോളനിയിൽ പ്രിയ ഭവനിൽ വിഷ്ണു (28) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 29 ന് ചാത്തന്നൂർ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ ഷാന്റെ വീട്ടിൽ നിന്നും നാടൻ ബോംബുകളും കഞ്ചാവും മാരകായുധങ്ങളും പിടികുടിയിരുന്നു. എക്സൈസ് സംഘത്തെ കണ്ട് ഷാൻ ഓടി രക്ഷപ്പെട്ടു.
വീട്ടിലുണ്ടായിരുന്ന രണ്ട് പേരെ അന്ന് എക്സൈസ് അറസ്റ്റ് ചെയ്യുകയും പിന്നീട് കേസ് പോലിസിന് കൈമാറുകയും ചെയ്തിരുന്നു.ഉളിയനാട് കാരംകോട് അപ്പുപ്പൻകാവിന് സമീപം പടക്കം പൊട്ടിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ആക്രമിച്ച് പരിക്കേല്പിക്കുകയും കടകൾ തകർക്കുകയും ചെയ്ത കേസിൽ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
ഒളിവിലായിരുന്ന ഇരുവരെയും കോയിപ്പാട് രാജിവ് ഗാന്ധി കോളനിയിലെ ആൾ താമസമില്ലാത്ത വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പി ടികൂടിയ നാടൻ ബോംബുകൾ ഷാൻ നിർമ്മിച്ചവയാണെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.