പയ്യന്നൂര്‍: കര്‍ശനമായ ലോക്ഡൗൺ നിയന്ത്രണങ്ങള്‍ക്കിടയിലും പയ്യന്നൂരും പരിസരങ്ങളിലും ബോംബ് നിര്‍മാണം നടക്കുന്നതായി സൂചന. ബോംബ് സ്ഫോടന പരമ്പരകള്‍ക്ക് തടയിടാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനിടയിലാണ് രഹസ്യ കേന്ദ്രങ്ങളില്‍ ബോംബ് നിര്‍മ്മാണം നടക്കുന്നത്.
ഇന്നലെ കാങ്കോല്‍ ആലക്കാട്ടുണ്ടായ സ്ഫോടനത്തിന് ഉപയോഗിച്ച ബോംബുകള്‍ നല്‍കുന്നതും ഈ സൂചനയാണ്. കോറോം,കരിവെള്ളൂര്‍ ചീറ്റ, പയ്യന്നൂര്‍, കാര, അന്നൂര്‍ എന്നിവിടങ്ങളില്‍ നിരവധി സ്ഫോടനങ്ങള്‍ നടന്നിരുന്നു.
നാവിക അക്കാഡമിയുടെ ജനവാസമില്ലാത്ത പ്രദേശങ്ങളിലെ കുറ്റിക്കാടുകളില്‍ ഒളിപ്പിച്ച നിലയില്‍ ബോംബ് നിര്‍മാണ സാമഗ്രികകളും വാളുകളും മഴുവും കണ്ടെത്തിയിരുന്നു. പയ്യന്നൂര്‍ സിഐ താമസിച്ചിരുന്ന പോലീസ് ക്വാർട്ടേഴ്സിന് നേരേയും ബോംബേറുണ്ടായിരുന്നു. ചിറ്റടി,കക്കമ്പാറ പ്രദേശങ്ങളില്‍ സ്ഫോടന പരമ്പരതന്നെ അരങ്ങേറിയിരുന്നു.
ഏഴിമലയുടെ കിഴക്കേ ചരിവിലെ നൂറുകണക്കിന് ഏക്കര്‍ വരുന്ന ഉപയോഗശൂന്യമായ ചെങ്കല്‍പ്പണകള്‍ നിറഞ്ഞ ചിറ്റടി പ്രദേശത്ത് നിന്ന് ബോംബ് നിര്‍മ്മാണ സാമഗ്രികകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവിടെ ബോംബ് നിര്‍മ്മാണം നടക്കുന്നതായി ബോംബ് സ്ക്വാഡും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതേ തുടര്‍ന്ന് ഈ പ്രദേശങ്ങളില്‍ മാസങ്ങളോളം രാത്രികാല പോലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തിയതോടെയാണ് സ്ഫോടന പരമ്പരയ്ക്ക് ശമനമുണ്ടായത്.പല സ്ഥലങ്ങളിലും ഒളിപ്പിച്ചുവച്ചിരുന്ന ബോംബുകള്‍ പിടികൂടാനും പരിശോധനകളിലൂടെ സാധിച്ചു.
ബോംബ് നിര്‍മ്മാണത്തില്‍ പുതിയ പരീക്ഷണങ്ങളും നടക്കുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. ഇന്നലെ ആലക്കാട് നടന്ന ബോംബ് സ്ഫോടനത്തില്‍ പൊട്ടാതെ കിടന്ന ബോംബിന്റെ പരിശോധനാഫലവും വിരല്‍ചൂണ്ടുന്നത് മറ്റൊന്നുമല്ല.
സമീപ നാളുകളിലുണ്ടാക്കിയ പുതിയ ബോംബായിരുന്നുവെന്നും സാധാരണ കണ്ടുവരാറുള്ളതിനേക്കാര് ഇരട്ട പ്രഹരശേഷിയുള്ളതാണിതെന്നും ബോംബ് സ്ക്വാഡ് എസ്ഐ ടി.വി.ശശീധരന് പറയുന്നു.
പുതിയ മുള്ളാണികള്‍ തുരുമ്പ് പിടിപ്പിച്ചാണ് സ്ഫോടക വസ്തുക്കള്‍ക്കൊപ്പം ചേര്‍ത്ത് സിലിണ്ടര്‍ ആകൃതിയിലുള്ള ഈ ബോംബ് നിര്‍മിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.