പയ്യന്നൂര്‍: പയ്യന്നൂര്‍ പടോളി ക്ഷേത്രം റോഡില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി.കഴിഞ്ഞ ദിവസം അന്നൂരില്‍ റോഡരികില്‍നിന്നും പിസ്റ്റളും 12 തിരകളും കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതിനിടയിലാണ് ഇന്ന് രാവിലെ റോഡരികില്‍ ബോംബ് കണ്ടെത്തിയത്.
ഇന്ന് രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരാണ് പടോളിയിലെ റോഡരികില്‍ ബോംബ് കണ്ടെത്തിയത്.അധികം പഴക്കമില്ലാത്ത സ്റ്റീല്‍ ബോംബാണ് ടാറിട്ട റോഡിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞയുടന്‍ പയ്യന്നൂര്‍ പോലീസ് കണ്ട്രോള് യൂണിറ്റും പയ്യന്നൂര്‍ പോലീസും സ്ഥലത്തെത്തി.വിവരമറിയിച്ചതിനെ തുടര്‍ന്ന് കണ്ണൂരിൽ നിന്നുള്ള ബോംബ് സ്ക്വാഡും സ്ഥലത്തെത്തി ബോംബ് കസ്റ്റഡിയിലെടുത്തു.
അധികം പഴക്കമില്ലാത്ത അത്യുഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബാണിതെന്ന് ബോംബ് സ്ക്വാഡ് എസ്ഐ ടി.വി.ശശീധരന് പറഞ്ഞു. ഇതേതുടര്‍ന്ന് ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
കുറ്റകൃത്യങ്ങള്‍ ലക്ഷ്യമാക്കി വാഹനത്തില്‍ പോകുന്നവരില്‍നിന്നും താഴെ വീണതായിരുന്നുവെങ്കില് ബോംബ് പൊട്ടുമായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
നാട്ടുകാരില്‍ പരിഭ്രാന്തി പരത്തുവാനുള്ള ശ്രമത്തിന്റെ ഭാഗമായി കാല്‍നടയാത്രക്കാര്‍ക്ക് കാണാന്‍ പറ്റുന്ന വിധത്തില്‍ കൊണ്ടുവന്നു വെച്ചതാകാനുള്ള സാധ്യതയാണ് ഇതില്‍നിന്നും ബോധ്യമാകുന്നത്.
നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിനുള്ള സാമൂഹ്യ വിരുദ്ധരുടെ ഇടപെടലിലേക്കാണ് സംഭവം വിരല്‍ ചൂണ്ടുന്നത്. രണ്ടുദിവസം മുമ്പ് അന്നൂര്‍ റോഡില്‍നിന്നും പിസ്റ്റളും തിരകളും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.