പേരാമ്പ്ര: ഇന്നലെ വൈകീട്ടു തുടരെ അക്രമണ സംഭവങ്ങളുണ്ടായ പേരാമ്പ്രയിൽ സംഘർഷാവസ്ഥ തുടരുന്നു. കല്ലോട് പാറാട്ടുപാറയിൽ മലബാർ ദേവസ്വം ബോർഡ് എസ്റ്റാബ്ലിഷ്മെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്രയുടെ വീടിനു നേരെ ബോംബേറുണ്ടായി.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണു സംഭവം. വീടിന്റെ അടുക്കള ഭാഗത്താണു ബോംബെറിഞ്ഞത്. സ്റ്റീൽ ബോംബാണിത്. പേരാമ്പ്ര പോലീസും മറ്റു ഉന്നത പോലീസുദ്യോഗസ്ഥരും രാത്രി തന്നെ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. സിപിഎം പേരാമ്പ്ര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവുമാണു ശശികുമാർ.
ശബരിമല വിഷയവുമായി ബന്ധപ്പെട്ടു ഇന്നലെ വൈകീട്ടും രാത്രിയുമായി പേരാമ്പ്ര ടൗണിൽ ഒട്ടേറെ കുഴപ്പ സംഭവങ്ങൾ അരങ്ങേറിയിരുന്നു. ഡിവൈഎഫ്ഐ – യൂത്ത് ലീഗ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയതിനു പിന്നാലെ ഡിവൈഎഫ്.ഐ -യൂത്തു കോൺഗ്രസിന്റെ പ്രകടനം കൈയേറി നേതാക്കളായ പി.കെ രാഗേഷ്, സഹോദരൻ പി.കെ അനൂപ് എന്നിവരെ മർദ്ദിച്ചു.
പേരാമ്പ്ര വടകര റോഡ് ജംഗ്ഷനിലെ ലീഗ് ഓഫീസിനും തൊട്ടടുത്തുള്ള മുസ്ലീം പള്ളിക്കു നേരെയും കല്ലേറുമുണ്ടായി. ഡിവൈഎഫ്ഐ യുടെ പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു അക്രമണങ്ങൾ നടന്നത്. ഇതിൽ പ്രതിഷേധിച്ചു യൂത്തു ലീഗുകാർ നടത്തിയ പ്രകടനത്തിനിടയിലും അക്രമണങ്ങൾ അരങ്ങേറി. സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിനു നേരെ കല്ലെറിഞ്ഞ പ്രവർത്തകരെ പിരിച്ചു വിടാൻ പോലീസിനു അഞ്ചു തവണ ഗ്രനേഡ് പ്രയോഗിക്കേണ്ടി വന്നു.