കൂത്തുപറമ്പ്: വീടിനു നേരെ ബോംബെറിഞ്ഞെന്ന കേസിൽ അഞ്ചു വർഷം പിന്നിടുമ്പോൾ അന്വേഷണം വീണ്ടും ഊർജിതമാകുന്നു. കേസിൽ നുണ പരിശോധന നടത്താൻ അനുമതി തേടി ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷ കോടതി അനുവദിച്ചു.കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിലെ പോലീസ് ഡ്രൈവറായിരുന്ന മാങ്ങാട്ടിത്തെ കെ.പി.സുനിൽകുമാറിന്റെ വീടിനു നേരെ ബോംബേറുണ്ടായ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ഒരാളെ നുണപരിശോധന നടത്താനുള്ള അനുമതി തേടി കണ്ണൂർ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അബ്ദുൾ റഹീം കൂത്തുപറമ്പ് ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റു കോടതിയിൽ അപേക്ഷ നൽകിയത്.
കേസിൽ നേരത്തെ ചോദ്യം ചെയ്ത സാക്ഷികളിൽ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ നുണ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള നടപടി ക്രൈംബ്രാഞ്ച് സ്വീകരിച്ചത് .ഈ കാര്യം കാണിച്ച് ഇദ്ദേഹത്തിന് നോട്ടീസ് നല്കിയതിന്റെ അടിസ്ഥാനത്തിൽ നുണപരിശോധനക്ക് തയാറാണെന്ന് കാണിച്ച് മറുപടിയും നൽകിയിരുന്നു. തൃശൂർ രാമപുരത്തെ പോലീസ് അക്കാദമിയിൽ പ്രവർത്തിക്കുന്ന ഫോറൻസിക് ലബോറട്ടറിയിലാണ് നുണ പരിശോധന നടത്തുക.
2014 ജൂലൈ ഒന്നിനായിരുന്നു പോലീസ് ഓഫീസറായിരുന്ന സുനിൽകുമാറിന്റെ വീടിനു നേരെ ബോംബേറുണ്ടായത്.പെട്രോൾ ബോംബേറിൽ വീടിനു പതിനഞ്ചായിരം രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു.സുനിൽകുമാറിന്റെ ഭാര്യ ടി.പ്രസീത ( 43) യുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
സംഭവത്തിനു ശേഷം എസ്ഐമാരായ എ.വി.ദിനേശ്, കെ.സുധാകരൻ, ഡിവൈഎസ്പി പ്രതീഷ് കുമാർ, കണ്ണൂർ നർക്കോട്ടിക് സെൽ ഡിവൈഎസ്പി വി.എൻ.വിശ്വനാഥൻ, തലശേരി ഡിവൈഎസ്പി സാജു പോൾ, കണ്ണൂർ അഡ്മിനിസ്ട്രേഷൻ ഡിവൈഎസ്പി ടി.പി.രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്.
2017 ഫെബ്രുവരി 14 നായിരുന്നു കണ്ണൂർ ക്രൈം ബ്രാഞ്ച് വിഭാഗം കേസന്വേഷണം ഏറ്റെടുത്തതിനെ തുടർന്ന് ഡിവൈഎസ്പി വി.കെ.പ്രഭാകരൻ അന്വേഷണം തുടങ്ങിയത്.ഇതിനിടെ കേസന്വേഷണം ഊർജിതമാക്കാൻ നടപടികൾ ആവശ്യപ്പെട്ട് സുനിൽകുമാർ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി തുടങ്ങി ഒട്ടേറെ പേർക്ക് പരാതികൾ നൽകിയിരുന്നു.