കണ്ണൂർ: ക്വാർട്ടേഴ്സ് പറന്പ് വൃത്തിയാക്കുന്നതിനിടെ കരിയിലകൾക്കിടയിൽ കിടന്ന ബോംബ് പൊട്ടി യുവതിക്ക് പരിക്ക്. ചാലാട് ക്വാർട്ടേഴ്സിൽ താമസിക്കുന്ന റാണി അശോക് (47) നാണ് പരിക്കേറ്റത്. ഇരുകണ്ണുകൾക്കും കാലുകൾക്കും പരിക്കേറ്റ ഇവരെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഇന്നു രാവിലെ ഒൻപതരയോടെ താമസിക്കുന്ന ക്വാർട്ടേഴ്സിന്റെ പറന്പ് വൃത്തിയാക്കി പാഴ്വസ്തുക്കളും മറ്റും കൂട്ടിയിട്ട് തീകൊടുത്തപ്പോഴാണ് വൻ ശബ്ദത്തോടെ സ്പോടനമുണ്ടായത്. റാണിയുടെ മുഖത്തും കാലിനും തീപടരുകയായിരുന്നു. ടൗൺ എസ്ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചു. ബോംബ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.