പയ്യന്നൂര്‍: കുഞ്ഞിമംഗലത്ത് സിപിഎം ഓഫീസിനു നേരേ ബോംബേറ്. അതിശക്തമായ സ്ഫോടനത്തില്‍ ഓഫീസിന്റെ വാതിലും ജനലുകളും കോണ്‍ക്രീറ്റും തകര്‍ന്നു. സംഭവ സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.
ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെയാണ് കുഞ്ഞിമംഗലം കണ്ടംകുളങ്ങര കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ സിപിഎം ഓഫീസിലേക്ക് ബോംബേറുണ്ടായത്. സിപിഎം കുഞ്ഞിമംഗലം നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന പി.ഭരതന് സ്മാരക മന്ദിരത്തിന് നേരെയാണ് അക്രമം.
ശക്തമായ രണ്ട് സ്ഫോടന ശബ്ദം കേട്ട് അയല്‍വാസി എഴുന്നേറ്റ് വരുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. വാഹനത്തിലെത്തിയവരാണ് അക്രമം നടത്തിയതെന്നാണ് കരുതുന്നത്.
സ്ഫോടനത്തില്‍ ഓഫീസിനു മുന്‍വശത്തെ കട്ടിളയുള്പ്പെടെയുള്ള വാതിലും ജനലുകളും തകര്‍ന്നിട്ടുണ്ട്. കോണ്‍ക്രിറ്റ് സ്ലാബിനും കേടുപാടുകള്‍ സംഭവിച്ചു. വിവരമറിഞ്ഞയുടന്‍ പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി.
സംഭവ സ്ഥലത്തുനിന്നും സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഓഫീസിനു നേരെയുണ്ടായ അക്രമത്തിനെതിരെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എടക്കാടന്‍ വിജയന് പോലീസില്‍ പരാതി നല്കി.
സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജനുള്‍പ്പെടെയുള്ള നേതാക്കള്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. സിപിഎം ഓഫീസിന് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മുമ്പ് രണ്ടുതവണ ഈ ഓഫീസിനു നേരെ അക്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ബോംബാക്രമണം നടക്കുന്നത് ആദ്യമായാണ്.