പെഷവാർ: പാക്കിസ്ഥാനിലെ തീവ്ര നിലപാടു പുലർത്തുന്ന നേതാവ് മൗലാന ഫസലുർ റഹ്മാന്റെ ജാമിയത് ഉലമ ഇ ഇസ്ലാം-ഫസൽ (ജെയുഐ-എഫ്) പാർട്ടി യോഗത്തിനിടെയുണ്ടായ ചാവേർ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു; ഇരുനൂറിലേറെ പേർക്കു പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.
ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിൽ ബാജോർ ജില്ലയിലെ ഖാറിൽ പാർട്ടിയുടെ വർക്കേഴ്സ് കൺവൻഷൻ നടക്കുന്നതിനിടെ ഇന്നലെ വൈകുന്നേരം നാലിനായിരുന്നു സംഭവം. പാർട്ടി നേതാവ് മൗലാന ലാലീഖ് പ്രസംഗിക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു.
പാർട്ടിയുടെ മുതിർന്ന നേതാക്കളും പാക് സെനറ്റ് അംഗം അബ്ദുൾ റഷീദും വേദിയിലുണ്ടായിരുന്നു. പരിക്കേറ്റവരിൽ മാധ്യമപ്രവർത്തകരും ഉൾപ്പെടുന്നു. അഞ്ഞൂറിലേറെ പേർ കൺവൻഷനെത്തിയിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.